Site icon Janayugom Online

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് രണ്ട്, മൂന്ന്, നാല് തീയതികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും അതിതീവ്ര മഴ തുടരുന്നതിനാലുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

വ്യാപക മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 757 പേര്‍ ഈ ക്യാംപുകളിലുണ്ട്. ഇതില്‍ 251 പേര്‍ പുരുഷന്മാരും 296 പേര്‍ സ്ത്രീകളും 179 പേര്‍ കുട്ടികളുമാണ്. തിരുവനന്തപുരത്ത് രണ്ടു ക്യാംപുകള്‍ തുറന്നു. 29 പേരെ ഇവിടേയ്ക്കു മാറ്റിപ്പാര്‍പ്പിച്ചു. കൊല്ലത്ത് ഒരു ദുരിതാശ്വാസ ക്യാംപില്‍ അഞ്ചു പേരും പത്തനംതിട്ടയില്‍ 10 ക്യാംപുകളിലായി 120 പേരും ആലപ്പുഴയില്‍ രണ്ടു ക്യാംപുകളിലായി 22 പേരും കോട്ടയത്ത് 15 ക്യാംപുകളിലായി 177 പേരെയും മാറ്റിപ്പാര്‍പ്പിച്ചു.

കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കുണ്ടള, മൂഴിയാർ, പെരിങ്ങൽകുത്തി എന്നീ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ്.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിതീവ്രമഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്.

Eng­lish summary;heavy rain; Hol­i­day for edu­ca­tion­al insti­tu­tions in Kozhikode dis­trict tomorrow

You may also like this video;

Exit mobile version