Site iconSite icon Janayugom Online

സൗദിയിൽ കനത്ത മഴ; റോഡുകൾ വെള്ളത്തിനടിയിൽ, നിരവധി വാഹനങ്ങൾ ഒലിച്ചുപോയി

സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ അനുഭവപ്പെട്ട കനത്ത മഴയെത്തുടർന്ന് റോഡ് ഗതാഗതം താറുമാറായി. ഗ്രാൻഡ് മോസ്‌കിന് ചുറ്റുമുള്ള പ്രദേശം ഉൾപ്പെടുന്ന മധ്യ മക്കയിൽ ശക്തമായ കാറ്റോടുകൂടിയ കനത്ത മഴയാണ് അനുഭവപ്പെട്ടത്. മക്കയിലും പരിസര പ്രദേശങ്ങളിലും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയിൽ മക്കയിലെ ഒട്ടേറെ റോഡുകൾ വെള്ളത്തിനടിയിലായി. ഇവിടങ്ങളിൽ പാർക്ക് ചെയ്തിരുന്ന ഒട്ടേറെ വാഹനങ്ങൾ ഒലിച്ചുപോയി. ദക്ഷിണ മക്കയിലെ ദിഫാഖ് ജില്ലയിലാണ് പൊടിക്കാറ്റും പേമാരിയും കൂടുതൽ നാശമുണ്ടാക്കിയത്. 

താഴ്ന്ന പ്രദേശങ്ങൾ, താഴ്‌വരകൾ, തുരങ്കങ്ങൾ എന്നിവിടങ്ങളിലേക്ക് പോകരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും നിർദേശമുണ്ട്. തിങ്കളാഴ്ച വരെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദൂരക്കാഴ്ച കുറയുന്നതിനാൽ മക്ക, ജിദ്ദ, തായിഫ് പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

Exit mobile version