തമിഴ്നാട്ടിൽ തുടരുന്ന മഴക്കെടുതിയില്‍ നാലു മരണം. തെക്കന്‍ തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. മഴ തുടരുന്ന സാഹചര്യങ്ങളില്‍ ഈ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൂത്തുക്കുടിയിലും തിരുനെൽവേലിയിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാരെ വിവിധയിടങ്ങളിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിയോഗിച്ചു. വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് പലയിടത്തും റോഡ് ഗതാഗതം വിച്ഛേദിക്കപ്പെട്ടു.
മഴയെ തുടർന്ന് വൈദ്യുതി വിതരണം നേരത്തെ നിർത്തിവെച്ചിരുന്നു. മഴയെത്തുടര്‍ന്ന് തിരുച്ചെന്തൂർ‑ചെന്നൈ എഗ്‌മോർ ചെന്തൂർ എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന അഞ്ഞൂറോളം യാത്രക്കാര്‍ ശ്രീവൈകുണ്ടം റെയിൽവേ സ്റ്റേഷനിൽ കുടുങ്ങി.
തിങ്കളാഴ്ച രാത്രി ശ്രീവൈകുണ്ടം സ്റ്റേഷനിൽ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ 800 യാത്രക്കാരുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരിൽ 300 പേരെ രക്ഷപ്പെടുത്തി അടുത്തുള്ള സർക്കാർ സ്‌കൂളിലേക്ക് മാറ്റിയപ്പോൾ ബാക്കിയുള്ള 500 പേരെ റെയിൽവേ പാലം മുങ്ങിയതിനാൽ ഒഴിപ്പിക്കാനായില്ല.
എല്ലാ യാത്രക്കാരും സുരക്ഷിതരാണ്, അവർക്കായി ഭക്ഷണപ്പൊതികൾ എയർഡ്രോപ്പ് ചെയ്തു. ശ്രീവൈകുണ്ടം സ്റ്റേഷനിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ഒഴിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. റെയിൽപ്പാളത്തിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കി.
പ്രളയബാധിത ജില്ലകളിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനും രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ഗവർണർ ആർഎൻ രവി ചൊവ്വാഴ്ച ചെന്നൈയിലെ രാജ്ഭവനിൽ കേന്ദ്ര ഏജൻസികളുടെയും സായുധസേനയുടെയും മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
English Summary: Heavy rain in Tamil Nadu: Four dead, people trapped inside train
You may also like this video