Site icon Janayugom Online

യുഎഇയില്‍ അതിശക്തമഴ; മുന്നറിയിപ്പുമായി അധികൃതര്‍

യു എ ഇയില്‍ ശക്തമായ മഴയില്‍ ജാഗ്രതാ നിര്‍ദ്ദേശം. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച മഴ ഇപ്പോഴും തുടരുന്നത്. പല സ്ഥലങ്ങളിലും റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ഗതാഗത കുരുക്ക് രൂക്ഷമാകുകയാണ്. ഞായറാഴ്ച രാവിലെ മുതലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍
മഴ ആരംഭിച്ചത്. ഇടിയോടു കൂടിയ മഴയില്‍ മിക്ക സ്ഥലങ്ങളിലും വെള്ളം കയറി.

റോഡുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. സമീപ കാലത്തെ ഏറ്റവും ശക്തമായ മഴയാണിത്. പല സ്ഥലങ്ങളിലും വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. കനത്ത ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി. റോഡുകളില്‍ ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പല സ്ഥലങ്ങളിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു.

വിദ്യാലയങ്ങളോടും സ്വകാര്യ മേഖലാ കമ്പനികളോടും ഫ്‌ലെക്‌സിബിള്‍ വര്‍ക്കിങ് രീതികള്‍ സ്വീകരിക്കാന്‍ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയും മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയവും ആവശ്യപ്പെട്ടു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ഹാജര്‍ നിലയും കുറവാണ്. ദുബായ് വിമാനത്താവളത്തില്‍ ചില വിമാനങ്ങളുടെ പുറപ്പെടല്‍ മഴ മൂലം വൈകി. നാളെയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Eng­lish Summary:Heavy rain in UAE; Author­i­ties with warning
You may also like this video

Exit mobile version