Site icon Janayugom Online

മഴക്കെടുതി: വയോധികന്‍ തോട്ടില്‍ വീണ് മരിച്ചു: കല്ലട ഡാമിന്റെ മൂന്ന് ഷട്ടറുകളും ഉയര്‍ത്തി

death

കനത്ത മഴയില്‍ കൊല്ലത്ത് അംഗപരിമിതനായ വയോധികന്‍ തോട്ടില്‍ വീണ് മരിച്ചു. തെന്മല നാഗമലയില്‍ ഗോവിന്ദരാജ്(65) ആണ് മരിച്ചത്. കാലിന് സ്വാധീനം കുറവുള്ള ഗോവിന്ദരാജ് ക്ഷേത്രത്തിലാണ് അന്തിയുറങ്ങിയിരുന്നത്. ശക്തമായ മഴയില്‍ റോഡിന് കുറുകെയുള്ള ചപ്പാത്ത് മുറിച്ചുകടക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് അപകടം.

തോരാമഴയ്ക്ക് ചെറിയ ശമനമായെങ്കിലും കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ മലയോര മേഖലയില്‍ വന്‍ നാശനഷ്ടം. അച്ചന്‍കോവില്‍ ആറും കല്ലട ആറും തോടുകളും കനാലുകളും നിറഞ്ഞൊഴുകി. മഴ കനത്തതോടെ പിറവന്തൂര്‍ മുള്ളുമലയില്‍ ഉരുള്‍ പൊട്ടി. മലയോര ഗ്രാമങ്ങള്‍ പലതും ഒറ്റപ്പെട്ട നിലയിലാണ്. അച്ചന്‍കോവില്‍ വളയം ഭാഗത്ത് മഴയില്‍ ചപ്പാത്തിന്റെ അടിഭാഗം ഒലിച്ചുപോയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ബസ്‌സര്‍വീസ് നിര്‍ത്തിവച്ചു. ഉറുകുന്നില്‍ റയില്‍പാളത്തില്‍ മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

ജില്ലയിലെ കല്ലട ഡാമിന്റെ മൂന്ന് ഷട്ടറുകളും 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. ആവശ്യമെങ്കില്‍ ഇത് 60 സെന്റിമീറ്ററാക്കും. പത്തനാപുരം താലൂക്കിലെ പട്ടാഴി വടക്ക് വില്ലേജില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കൊല്ലം ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്ന് മഴക്കെടുതി തടയുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്തു.

 

Eng­lish Sum­ma­ry: Heavy rain Kol­lam; One death in Kollam

 

You may like this video also

Exit mobile version