Site iconSite icon Janayugom Online

കൂട്ടിക്കലിനടുത്ത് വീണ്ടും ഉരുള്‍പൊട്ടി

ഒന്നരമാസം മുമ്പ് ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കലിനു സമീപം വീണ്ടും ഉരുള്‍പൊട്ടല്‍. സംഭവം വനമേഖലയിലായതിനാല്‍ ആള്‍നാശമോ കൃഷിനാശമോ ഉണ്ടായില്ല. എന്നാല്‍ മലവെള്ളപ്പാച്ചിലില്‍ കൂട്ടിക്കല്‍ മേഖലയിലെ നൂറോളം വീടുകളില്‍ വെള്ളം കയറി. നൂറുകണക്കിനാളുകള്‍ താല്‍ക്കാലിക ക്യാമ്പുകളിലേയ്ക്കും ബന്ധുവീടുകളിലേയ്ക്കും താമസം മാറ്റി.

ഒക്ടോബര്‍ 16ന് ഉരുള്‍പൊട്ടല്‍ വന്‍ നാശം വിതച്ച കൂട്ടിക്കലില്‍ നിന്ന് ആറുകി.മീറ്റര്‍ അകലെ ഇടുക്കി ജില്ലയിലെ കൊക്കയാര്‍ വില്ലേജില്‍പ്പെട്ട ഉറുമ്പിക്കരയിലാണ് ഇന്നലെ രാത്രി 11 മണിയോടെ ഉരുള്‍പൊട്ടിയത്.

ഇതിനെ തുടർന്ന് പുല്ലകയാറ്റിലും മണിമലയാറ്റിലും കനത്ത മലവെള്ളപ്പാച്ചിലുണ്ടായി. അടുത്തിടെ ഉരുൾപൊട്ടലുണ്ടായ ഏന്തയാർ, കൂട്ടിക്കൽ മേഖലകൾക്ക് സമീപമാണ് കഴിഞ്ഞദിവസം രാത്രി കനത്ത മഴയും ഉരുൾപൊട്ടലും ഉണ്ടായത്. വെള്ളപ്പാച്ചിലിൽ പുല്ലകയാറും പാപ്പാനി തോടും കരകവിഞ്ഞ് നിരവധി വീടുകളിൽ വെള്ളം കയറി. മുണ്ടക്കയം കോസ് വേ അടക്കം വെളളം കയറി. വൈകുന്നേരത്തോടെ തുടങ്ങിയ കനത്ത മഴയാണ് രാത്രിയിലും തുടർന്നത്. ജനവാസ മേഖലയായ ഇളങ്കാട്ടിൽ ഉരുൾപൊട്ടലുണ്ടായതോടെ ഏറെ ആശങ്കയോടെയാണ് പ്രദേശവാസികൾ കഴിയുന്നത്.

മലവെള്ളപ്പാച്ചിൽ ഒറ്റപ്പെട്ട കുടുംബങ്ങളെ പിന്നീട് സാഹസികമായി രക്ഷപെടുത്തി. റവന്യു, പൊലീസ്, അഗ്നിരക്ഷാ സേന അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ജില്ലയിലെ മലയോരമേഖകളിൽ മഴ തുടരുകയാണ്.

eng­lish sum­ma­ry; heavy rain lashed kootikkal area

you may also like this video;

Exit mobile version