Site iconSite icon Janayugom Online

കനത്ത മഴ; ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

മഴ കനത്തതിനെ തുടര്‍ന്ന് ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. എട്ടു ഷട്ടറുകള്‍ ഒരു മീറ്ററും രണ്ട് ഷട്ടറുകള്‍ 50 സെന്റീ മീറ്ററുമാണ് ഉയര്‍ത്തിയത്. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെയാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനമായത്. സമീപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അതേസമയം, സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. കൊച്ചിയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ആളുകളെ മാറ്റാന്‍ ശ്രമം തുടങ്ങി.

കളമശേരി ചങ്ങമ്പുഴ നഗറില്‍ വീടുകളില്‍ വെള്ളം കയറി. 10 വീട്ടുകാരെ ഒഴിപ്പിച്ചു. സൗത്ത് റെയില്‍വേ സ്റ്റേഷന്‍, ഇടപ്പിള്ളി, എംജി റോഡ്, കലൂര്‍ സൗത്ത് എന്നിവിടങ്ങളില്‍ വെള്ളത്തിനടിയിലായി. എംജി റോഡിലുണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും ഗതാഗതം തടസപ്പെട്ടു. തൃപ്പൂണിത്തുറയിലെ നിരവധി വീടുകളിലും വെള്ളം കയറി. ഇവിടെനിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്.

അടിമാലിയിലും തൊടുപുഴയിലും വ്യാപക മഴയാണ്. കഴിഞ്ഞ ആറ് മണിക്കൂറില്‍ കൂടുതല്‍ മഴ ചാലക്കുടിയില്‍ ലഭിച്ചു. കൊയിലാണ്ടി-കോഴിക്കോട് റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. കണ്ണൂര്‍ നഗര മേഖലയില്‍ മഴ തുടങ്ങി. ഇടുക്കിയിലും എറണാകുളത്തും മഴ ശക്തമാണ്. പെരിങ്ങല്‍കുത്ത് ഡാം എപ്പോള്‍ വേണമെങ്കിലും തുറക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വരും മണിക്കൂറില്‍ മധ്യ കേരളത്തില്‍ മഴ ശക്തമാകുമെന്നാണ് സൂചന.

Eng­lish sum­ma­ry; Heavy rain; The shut­ters of the Bhoot­thankett Dam were opened

You may also like this video;

Exit mobile version