Site icon Janayugom Online

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ദുർബലമായെങ്കിലും പശ്ചിമബംഗാളിനും ഝാർഖണ്ഡിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം തെക്കൻ ജില്ലകളിലടക്കം ഇടത്തരം മഴയ്ക്ക് വഴിവെയ്ക്കുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായി പെയ്തിരുന്ന മഴയ്ക്ക് ഇന്നലെ കുറവുണ്ടായി.

ഇന്ന് എവിടെയും പ്രത്യേക മഴമുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കടൽകാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽപോകരുതെന്ന് മുന്നറിയിപ്പുണ്ട്. നെയ്യാറിലെ അരുവിപ്പുറം സ്റ്റേഷനിൽ നിലവിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ ഓറഞ്ച് അലർട്ടും കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷനിൽ യെല്ലോ അലർട്ടും കേന്ദ്ര ജലകമ്മിഷൻ പ്രഖ്യാപിച്ചു.

തിരുവനന്തപുരം താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന കൊഞ്ചിറവിള യു. പി. എസ്,വെട്ടുകാട് എൽ. പി എസ്,ഗവണ്മെന്റ് എംഎൻഎൽപി എസ് വെള്ളായണി എന്നീ സ്‌കൂളുകൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ വേളൂർ സെന്റ് ജോൺസ് യു പി എസ്., തിരുവാർപ്പ് സെന്റ് മേരീസ് എൽ പി എസ്., കിളിരൂർ എസ് എൻ ഡി പി എച്ച് എസ് എസ് എന്നീ സ്‌കൂളുകൾക്കാണ് വ്യാഴാഴ്ച (2023 ഒക്‌ടോബർ 5) അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുള്ളത്.

Eng­lish Sum­ma­ry: Heavy rain will con­tin­ue in the state
You may also like this video

Exit mobile version