Site iconSite icon Janayugom Online

ശ്രീലങ്കയില്‍ വീണ്ടും നാശം വിതച്ച് കനത്ത മഴ; ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 681 ആയി

ശ്രീലങ്കയില്‍ ശക്തമായ ചുഴലിക്കാറ്റിൽ തകർന്ന പ്രദേശങ്ങളിൽ ദുരിതം ഇരട്ടിയാക്കി കനത്ത മഴ. പല പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡിറ്റ്‍വ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 618 പേര്‍ മരിച്ചു. മൺസൂൺ കൊടുങ്കാറ്റുകൾ കൂടുതൽ മഴ പെയ്യിക്കുന്നതായും മധ്യ പർവതപ്രദേശങ്ങളും വടക്കുപടിഞ്ഞാറൻ മിഡ്‌ലാൻഡുകളും ഉൾപ്പെടെയുള്ള കുന്നിൻ പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യത വര്‍ധിപ്പിക്കുന്നതായും ദുരന്ത നിവാരണ കേന്ദ്രം (ഡിഎംസി) അറിയിച്ചു. 

രാജ്യത്തിന്റെ മധ്യഭാഗത്ത് മണ്ണിടിച്ചിൽ മൂലം ഒറ്റപ്പെട്ടുപോയ സമൂഹങ്ങൾക്ക് സഹായം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 75,000ത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു, ഇതിൽ 5,000ത്തോളം വീടുകൾ പൂർണ്ണമായും നശിച്ചു. വീടുകള്‍ പുനര്‍നിര്‍മ്മിക്കാനും ബിസിനസുകൾ പുനരുജ്ജീവിപ്പിക്കാനുമായി നഷ്ടപരിഹാര പാക്കേജിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി.

പുനർനിർമ്മാണത്തിന് ഏഴ് മില്യണ്‍ ഡോളര്‍ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. പുനർനിർമ്മാണത്തിന് സഹായിക്കുന്നതിനായി 200 മില്യൺ ഡോളർ കൂടി അനുവദിക്കണമെന്ന ശ്രീലങ്കയുടെ അഭ്യർത്ഥന പരിഗണിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അറിയിച്ചു. സുരക്ഷിതമായ സ്ഥലത്ത് സ്ഥലം വാങ്ങുന്നതിനും പുതിയ വീട് പണിയുന്നതിനും അതിജീവിച്ചവർക്ക് 10 ദശലക്ഷം രൂപ വരെ (33,000 ഡോളർ) വാഗ്ദാനം ചെയ്യുമെന്ന് ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Exit mobile version