പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 23 ആയി. ഇന്നലെ മാത്രം 17 പേര്‍ മരിച്ചു. വടക്കൻ ബംഗാളിലെ പ്രദേശമായ ഡാർജിലിംഗിൽ ഇന്നലെ രാത്രിയും കനത്ത മഴ തുടര്‍ന്നു. ബംഗാളിൽ മിരിക്, സുഖിയ പൊഖാരി തുടങ്ങിയ പ്രദേശങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. ഇവിടങ്ങളിൽ പൊലീസും തദ്ദേശ ഭരണകൂടവും രക്ഷാപ്രവർത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് സംസ്ഥാനത്ത് നിരവധിയിടങ്ങളിൽ റോഡ് ഗതാഗതം പൂര്‍ണമായും നിലച്ചു. സിക്കിമിലേക്കുള്ള യാത്രാ മാർഗവും നിലച്ചിരിക്കുകയാണ്. ഡാർജിലിംഗിൽ മഴക്കെടുതി രൂക്ഷമായ സ്ഥലങ്ങളില്‍ മുഖ്യമന്ത്രി മമതാ ബാനർജി നാളെ സന്ദർശനം നടത്തും. ഡാർജിലിംഗിലെ മണ്ണിടിച്ചിലിലും മഴയിലും ഉണ്ടായ ജീവഹാനിയിൽ തനിക്ക് അതിയായ വേദനയുണ്ടെന്നും ആവശ്യമായ എല്ലാ സപായും എത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

