കനത്ത മഴയിൽ കുട്ടനാട്ടിൽ വ്യാപക നാശം. പുഞ്ചക്കൊയ്ത്ത് പുരോഗമിക്കുന്ന പാടശേഖരങ്ങളിൽ വെള്ളം കയറിയത് കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കൃഷിയ്ക്ക് സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ശക്തമായി മഴക്കൊപ്പം കാറ്റിൽ നിരവധി മരങ്ങളും കടപുഴകി. എടത്വ, ചമ്പക്കുളം, നെടുമുടി, മങ്കൊമ്പ്, വെളിയനാട് തുടങ്ങിയ മേഖലകളിലാണ് നാശനഷ്ടം ഏറെയും സംഭവിച്ചത്. കൊയ്ത്ത് പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പെയ്ത മഴ പാടശേഖര സമിതികൾക്ക് ദുരിതമാണ് നൽകിയത്. ഇതുവരെ 63,012 ടൺ നെല്ല് സംഭരിച്ചു കഴിഞ്ഞു. ഇത്തവണ 25,680 ഹെക്ടർ സ്ഥലത്താണ് പുഞ്ചകൃഷി നടത്തിയത്.
വേനൽ മഴ വരും ദിവസങ്ങളിൽ തുടരുമെന്ന കാലാവസ്ഥ പ്രവചനത്തെ തുടർന്ന് കൊയ്ത്ത് വേഗത്തിൽ പൂർത്തിയാക്കാനാണ് കർഷകർ ശ്രമിക്കുന്നത്. എന്നാൽ കൂടുതൽ യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ടെങ്കിലും പാടശേഖരത്ത് വെള്ളക്കെട്ട് കാരണം സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. അതേസമയം, കുട്ടനാട്ടിൽ മടവീഴ്ച ഭീഷണിയും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചമ്പക്കുളം കൃഷി ഭവന്റെ പരിധിയിലുള്ള പെരുമാനിക്കരി വടക്കേതൊള്ളായിരം പാടശേഖരത്തില്‍ വീണ്ടും മടവീഴ്ച ഉണ്ടായി. പാടശേഖരത്തിന്റെ പടിഞ്ഞാറുഭാഗത്തെ ദുർബലമായ പുറംബണ്ടു തകർന്നാണു മട വീഴ്ചക്ക് ഇടയാക്കിയത്.
അതേസമയം, റോഡുകളിൽ വെള്ളക്കെട്ടും രൂക്ഷമായി. രൂക്ഷമായ വരൾച്ചയിലേക്ക് നാട് പോകുന്നതിനിടെ എത്തിയ മഴ ആശ്വാസമാണെങ്കിലും ഇപ്പോൾ ദുരിതമാണ് സമ്മാനിച്ചിരിക്കുന്നത്. മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലിൽ നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. പ്രദേശത്ത് വൈദ്യുതി തടസ്സവും നേരിട്ടു. മരങ്ങൾ റോഡിലേക്ക് വീണത് ഗതഗാതത്തെ ബാധിച്ചു. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിലും നേരിയതോതിൽ വെള്ളം കയറിയിട്ടുണ്ട്. റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളെയും മഴ കാര്യമായി ബാധിച്ചു. ഇതേ തുടർന്ന് നിർമാണം ഭാഗികമായി തടസപ്പെട്ടു. ഇന്ന് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
English Summary:Heavy rains cause extensive damage in Kuttanad
You may also like this video