Site iconSite icon Janayugom Online

രാജസ്ഥാനില്‍ കനത്ത മഴ തുടരുന്നു; പല പ്രദേശങ്ങളും വെള്ളക്കെട്ടില്‍

രാജസ്ഥാനില്‍ കനത്ത മഴ തുടരുന്നു. നഗരത്തിന്റെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍ അകപ്പെട്ടതോടെ ജനങ്ങള്‍ പലയിടത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. ഇതോടെ ജനജീവിതം ദുരതത്തിലായിരിക്കുകയാണ്. ശനിയാഴ്ച രാവിലെ ആറോടെ സിക്കറില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണ് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ഷോക്കേറ്റു. മഴയെത്തുടര്‍ന്ന് ശ്രീമധോപൂരില്‍ 11,000 വോള്‍ട്ട് ഹൈടെന്‍ഷന്‍ ലൈന്‍ പൊട്ടി വീണു. ഇതോടെ വീടുകളിലേക്കുള്ള ലൈനിലേക്ക് ഉയര്‍ന്ന വോള്‍ട്ടേജ് എത്തിയാണ് കുടുംബം അപകടത്തില്‍പ്പെട്ടത്.

ജയ്പൂര്‍, അജ്മീര്‍, ദൗസ, സിക്കര്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച മഴ ശനിയാഴ്ച രാവിലെ വരെ തുടര്‍ന്നു. അജ്മീറില്‍ ശക്തമായ മഴയില്‍ മരം കടപുഴകി വീണ് പ്രദേശത്തെ ശിവക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ന്നു. ജയ്പൂരിൽ മഴ ഏഴ് മണിക്കൂറോളം നീണ്ടുനില്‍ക്കുകയാണ്. തുടർച്ചയായ മഴയെത്തുടർന്ന് നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. അജ്മീറിൽ രാത്രി വൈകിയും മഴ പെയ്യുന്നുണ്ട്. ശനിയാഴ്ച രാവിലെയും മഴ തുടരുന്നതിനാൽ ജാഗ്രതാ നിർദ്ദേശം നൽകി. പിന്നാലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

Exit mobile version