Site iconSite icon Janayugom Online

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ഏഴ് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. മധ്യ, തെക്കൻ കേരളത്തിനൊപ്പം വടക്കൻ കേരളത്തിലും മഴ കനക്കും. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ ഇന്നും റെഡ് അലർട്ട് ആണ്. തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. കഴിഞ്ഞ ദിവസങ്ങളിലേക്കാൾ കൂടിയ മഴ ഇന്നും നാളെയും കിട്ടിയേക്കും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് മഴ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയാണ് അവധി. കൊല്ലത്തും തിരുവനന്തപുരത്തും തൃശ്ശൂരും പൊതുപരീക്ഷകൾക്ക് മാറ്റമില്ല. എംജി, കാലടി സർവകലാശാലകൾ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

അതേസമയം, കേരളത്തിൽ മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. കണ്ണൂരിൽ നാലിടത്ത് ഉരുൾപൊട്ടൽ. മലവെള്ള പാച്ചിലൽ രണ്ട് പേരെ കാണാതായി. കാണാതായ ഒരാളുടെ വീട് പൂർണമായും ഒഴുകി പോയി. ഒഴുക്കിൽ പെട്ട് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊളക്കാട് പി എച്ച് സിയിലെ നഴ്‌സ് നദീറയുടെ രണ്ടര വയസുകാരി മകൾ നുമ തസ്ലീനയുടെ മൃതദേഹമാണ് രാവിലെ ഏഴേമുക്കാലോടെ കണ്ടെത്തിയത്. രാത്രി പത്ത് മണിയോടെ മലവെള്ള പാച്ചിലുണ്ടായപ്പോൾ അമ്മയുടെ കയ്യിൽ പിടിച്ചിരുന്ന കുട്ടി തെന്നി വീണ് വെള്ളത്തിൽ ഒഴുകി പോകുകയായിരുന്നു.

തെക്കൻ ജില്ലകളിലെ നദികളിൽ പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷൻ മുന്നറിയിപ്പ് നല്‍കി. മണിമലയാർ നിലവിൽ അപകടനില കടന്ന് ഒഴുകുകയാണ്. മഴ കനത്താൽ വാമനപുരം, കല്ലട, കരമന അച്ചൻകോവിൽ, പമ്പ നദികളിൽ പ്രളയസാധ്യത ഉണ്ടെന്ന് ജലകമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ വലിയ അണക്കെട്ടുകൾ നിറയുന്ന സാഹചര്യം ഇപ്പോഴില്ലെന്നും കേന്ദ്രജലകമ്മീൻ ഡെപ്യൂട്ടി ഡയറക്ടർ സിനി മനോഷ് പറഞ്ഞു.

Eng­lish sum­ma­ry; Heavy rains con­tin­ue in the state; Red alert in sev­en districts

You may also like this video;

Exit mobile version