Site iconSite icon Janayugom Online

കനത്ത മഴയിൽ 4000 ടൺ പൈനാപ്പിൾ നശിച്ചു

കാലം തെറ്റി പെയ്ത കനത്ത മഴയിൽ പൈനാപ്പിൾ കർഷകർക്ക് ദുരിതം. മഴ കനത്തതോടെ ടൺ കണക്കിന് പൈനാപ്പിളുകളാണ് തോട്ടങ്ങളിലും മാർക്കറ്റിലുമായി കിടന്ന് പഴുത്ത് ചീഞ്ഞ് നശിച്ചത്. 4000 ടണ്ണിനടുത്ത് പൈനാപ്പിൾ ഇത്തരത്തിൽ വിളവെടുക്കാനാകാതെ നശിച്ചതായാണ് കണക്കുകൾ. ഉല്പാദനം ഗണ്യമായി കുറഞ്ഞതോടെ മാർക്കറ്റിൽ മോശമല്ലാത്ത വില ലഭിക്കുമെങ്കിലും മഴ കർഷകരുടെ പ്രതീക്ഷകൾ തെറ്റിച്ചു. 

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പൈനാപ്പിളിന് ആവശ്യക്കാരില്ലാതായതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് സംഭവിച്ചത്. മഹാരാഷ്ട്ര, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലേക്കുള്ള പൈനാപ്പിൾ കയറ്റുമതി ഇടിഞ്ഞതായും വാഴക്കുളത്തെ പൈനാപ്പിൾ വ്യാപാരികൾ പറയുന്നു. എ ഗ്രേഡ് പൈനാപ്പിളാണ് ഇപ്പോൾ വില്പന നടക്കുന്നത്. എ ഗ്രേഡ് ഇനത്തിൽപ്പെട്ട പച്ച പൈനാപ്പിളിനു ഇന്നലെ വാഴക്കുളം മാർക്കറ്റിൽ കിലോയ്ക്ക് 35 രൂപ വരെയാണ് വില. പഴത്തിന് എ ഗ്രേഡിന് 20 രൂപ വരെയാണ് വില. റംസാൻ സീസണിൽ 50 രൂപ വരെ ലഭിച്ചിരുന്ന പഴത്തിന്റെ വില കാലാവസ്ഥ മാറിയതോടെ കുത്തനെ ഇടിഞ്ഞു. പഴുത്ത പൈനാപ്പിൾ വാങ്ങാൻ നിലവിൽ ആളില്ലെന്ന് കർഷകർ പറയുന്നു. 

മഴ കനത്തതോടെ പൈനാപ്പിൾ തോട്ടങ്ങളിലും മറ്റും കിടന്നു ചീഞ്ഞു പോകുന്ന അവസ്ഥയാണ്. മഴ മൂലം വഴിയോര കച്ചവടക്കാരും പൈനാപ്പിൾ വാങ്ങാൻ വാഴക്കുളം മാർക്കറ്റിലേക്ക് എത്താതായതോടെ പഴുത്തവ മാർക്കറ്റിലും കെട്ടിക്കിടന്ന് ചീഞ്ഞു പോകുകയാണ്. വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ പൈനാപ്പിൾ ടൺ കണക്കിനാണ് കെട്ടിക്കിടക്കുന്നത്. പൈനാപ്പിൾ കർഷകരും വ്യാപാരികളും പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ജൂൺ മുതൽ ഓഗസ്റ്റ് വരെ മാസങ്ങളിൽ പൈനാപ്പിൾ ഉല്പാദനം പൊതുവെ കുറവാണ്. 

Eng­lish Summary:Heavy rains destroy 4,000 tonnes of pineapples
You may also like this video

Exit mobile version