Site iconSite icon Janayugom Online

മുംബൈയിൽ മഴ കനത്തു; ട്രെയിൻ, വിമാന സർവീസുകൾ തടസ്സപ്പെട്ടു

മുംബൈയിൽ കാലവർഷം വന്നതോടെ രാത്രി വൈകിയും പുലർച്ചെയും പെയ്ത കനത്ത മഴയാണ്. കുർള, സയൺ, മാട്ടുംഗ, അന്ധേരി അടക്കം നഗരത്തിലെ താഴ്ന്ന ഭാഗങ്ങൾ വെള്ളക്കെട്ടിൽ വലഞ്ഞു. ഇതോടെ റോഡ്, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വിമാന യാത്രക്കാരും ബുദ്ധിമുട്ടിലായി. അടുത്ത മൂന്ന് മുതൽ നാല് മണിക്കൂർ വരെ മുംബൈയിലെ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും, കാറ്റും ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

പതിവ് പോലെ ഇക്കുറിയും ബിഎംസി ഡ്രെയിനേജ് ലൈനുകൾ നിസ്സഹായാവസ്ഥയിലായി. റെയില്‍വേ ട്രാക്കുകളിൽ വെള്ളം കയറിയ പ്രശ്നം പരിഹരിക്കാന്‍ ബിഎംസി കോര്‍പറേഷനുമായി സഹകരിച്ച് റെയില്‍വേ അധികൃതര്‍ ശ്രമിക്കുകയാണ്. ബൈക്കുള്ള – സി.എസ്.എം.ടി. ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായതിനാല്‍, ലോക്കല്‍ ട്രെയിനുകള്‍ കുർള, ദാദര്‍, പരേല്‍ സ്റ്റേഷനുകളില്‍ ടെർമിനറ്റ് ചെയ്ത് തിരിച്ചയച്ചു.തെക്കുപടിഞ്ഞാറൻ മൺസൂൺ മഹാരാഷ്ട്രയിൽ എത്തിയതോടെ, 35 വർഷത്തിനിടെ സംസ്ഥാനത്ത് ആദ്യമായാണ് മഴ നേരത്തെ ലഭിക്കുന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ മുംബൈ, ബെംഗളൂരു, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് മൺസൂൺ എത്തുമെന്നാണ് കരുതുന്നത്. 

Exit mobile version