Site iconSite icon Janayugom Online

ഉത്തരേന്ത്യയില്‍ കനത്ത മഴ; 12 മരണം റിപ്പോര്‍ട്ട് ചെയ്തു

ഉത്തരേന്ത്യയിൽ ശക്തമായ മഴയില്‍ 12 പേര്‍ മരിച്ചു. യമുന ഉള്‍പ്പെടെയുള്ള നദികള്‍ കരകവിഞ്ഞ് ഒഴുകകയാണ്. ശക്തമായ കാറ്റും മഴയും മണ്ണിടിച്ചിലും ജനജീവിതത്തെ സാരമായി ബാധിച്ചു. ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. 

ഡൽഹിയിൽ ഫ്ലാറ്റിലെ സീലിങ് തകർന്ന് 58 വയസുകാരി മരിച്ചു. രാജസ്ഥാനിൽ മഴക്കെടുതിയിൽ നാലു പേര്‍ മരിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ കനത്ത മഴയിൽ വീട് തകർന്ന് സ്ത്രീയും ആറു വയസുള്ള മകളും മരിച്ചു. ഹിമാചൽ പ്രദേശിലെ ഷിംലയിൽ സമാനമായ സംഭവത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ കഴിഞ്ഞ ദിവസം രണ്ടു സൈനികർ മുങ്ങിമരിച്ചിരുന്നു. 

ഡൽഹിയിൽ പല ഭാഗങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. കനത്ത മഴ റെയില്‍ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. 17 ട്രെയ‌ിനുകള്‍ റദ്ദാക്കുകയും 12 എണ്ണം വഴി തിരിച്ച് വിടുകയും ചെയ്തതായി റെയില്‍വേ അറിയിച്ചു. വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. അടുത്ത രണ്ടു ദിവസങ്ങളിൽ മഴ കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയില്‍ ഇന്ന് സ്കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.

തുടർച്ചയായ മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് അമർനാഥ് യാത്ര തുടർച്ചയായ മൂന്നാം ദിവസവും നിർത്തിവച്ചു. അമർനാഥ് ഗുഹാക്ഷേത്രത്തിന് സമീപം ഉൾപ്പെടെ ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. ശ്രീനഗർ-ജമ്മു ദേശീയ പാതയുടെ ഒരു ഭാഗം തകർന്നതിനെതുടര്‍ന്ന് ഹൈവേയിൽ മൂവായിരത്തോളം വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്.
അതിനിടെ തെക്കുപടിഞ്ഞാറൻ രാജസ്ഥാനിലുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായി. ഹിമാചൽ പ്രദേശിലെ ഏഴ് ജില്ലകളിലും ഉത്തരാഖണ്ഡിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഷിംല, സിർമൗർ, ലാഹൗൾ, സ്പിതി, ചമ്പ, സോളൻ ജില്ലകളിലെ നിരവധി റോഡുകളിൽ ഗതാഗതം തടസപ്പെട്ടു.

ENGLISH SUMMARY:Heavy rains in North India; 12 deaths reported
You may also like this video

Exit mobile version