Site iconSite icon Janayugom Online

മഴക്കെടുതി: രാജ്യത്ത് മരണം 100 കടന്നു

rainsrains

ഉത്തരേന്ത്യയില്‍ പെയ്യുന്ന ശക്തമായ മഴയില്‍ മരണസംഖ്യ 100 കടന്നു. ഹിമാചല്‍പ്രദേശില്‍ മാത്രം 80 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പഞ്ചാബിലും ഹരിയാനയിലും ശക്തമായ മഴ തുടരുകയാണ്. ഇരു സംസ്ഥാനങ്ങളിലുമായി 12ഓളം പേര്‍ക്ക് ജീവൻ നഷ്ടമായി. ഉത്തരാഖണ്ഡില്‍ 18ഓളം പേര്‍ക്ക് ജീവൻ നഷ്ടമായി. 

തുടർച്ചയായുള്ള മഴ ഉത്തരേന്ത്യയിലുടനീളം വ്യാപകമായ നാശം വിതച്ചെങ്കിലും ഹിമാചലിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. 50ലേറെ ഇടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. ബിയാസ്, പാര്‍വതി നദികള്‍ കരകവിഞ്ഞു. ബിയാസ് നദിതീരത്ത് സ്ഥിതിചെയ്തിരുന്ന 100ഓളം വീടുകള്‍ വെള്ളത്തിനടിയിലായി. ഷിംലയില്‍ ജല‑വൈദ്യുതി ബന്ധം താറുമാറായി. 4,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. ഹിമാചല്‍ പ്രദേശില്‍ പൊതുഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.

മണ്ണിടിച്ചിലിനെത്തുടര്‍ന്ന് 1300ലധികം റോഡുകള്‍ തകര്‍ന്നു. ഷിംല‑കല്‍ക്ക ഹൈവേയില്‍ ഗതാഗതം നിലച്ചു. 40 പാലങ്ങൾ തകർന്നു. മഴവെള്ള പാച്ചിലില്‍ വീടുകള്‍ തകരുകയും വാഹനങ്ങള്‍ ഒലിച്ചു പോകുകയും ചെയ്തു. ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് 20,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു കഴിഞ്ഞദിവസം കുളു സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. 

രാജ്യത്തെ 23 സംസ്ഥാനങ്ങളിൽ ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉത്തരാഖണ്ഡിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഗംഗ, യമുന ഉള്‍പ്പെടെ നിരവധി നദികള്‍ കരകവിഞ്ഞൊഴുകുന്നു. നിരവധി റോഡുകളും പാലങ്ങളും മുങ്ങിപോയി. ജുമാഗഡ് നദി കരകവിഞ്ഞതിനെതുടര്‍ന്ന് ഇന്ത്യ‑നേപ്പാള്‍ അതിര്‍ത്തി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയി. 

യമുനയില്‍ റെക്കോഡ് ജലനിരപ്പ് 

ന്യൂഡല്‍ഹി: യമുനാ നദിയിലെ ജലനിരപ്പ് 60 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇതോടെ വടക്കന്‍ ഡല്‍ഹിയിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. 1978ല്‍ യമുനയിലെ ജലനിരപ്പ് 207.49 മീറ്റര്‍ ആയിരുന്ന ചരിത്രം തിരുത്തിക്കുറിച്ച് ഇന്നലെ വൈകുന്നേരം നാലു മണിയോടെ 207.71 ലേക്ക് ഉയര്‍ന്നു. ഹിമാചലിലെ അണക്കെട്ടുകളില്‍ നിന്നും വെള്ളം തുറന്നു വിടുന്ന തോത് കുറഞ്ഞിട്ടുണ്ട്. ഇതിനാല്‍ ഹരിയാനയിലെ ഹത്‌നികുണ്ടില്‍ നിന്നുള്ള നീരൊഴുക്ക് കുറയുന്നതോടെ യമുനയിലെ ജലനിരപ്പ് താഴുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഈ വിഷയത്തില്‍ കെജ്‌രിവാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.

ഒറ്റപ്പെട്ട ശക്തമായ മഴ

തിരുവനന്തപുരം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ഇന്ന് ആറ് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. 

Eng­lish Sum­ma­ry: Heavy Rains in the coun­try; death cross­es 100

You may also like this video

Exit mobile version