Site iconSite icon Janayugom Online

ജില്ലയില്‍ മഴ കനത്തു; ഇന്ന് മഞ്ഞ അലര്‍ട്ട്

ജില്ലയില്‍ വീണ്ടും മഴ കനക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാള്‍ ജില്ലയില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്തത്. വിവിധയിടങ്ങളില്‍ മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ തകരാറിലായി. ചൂണ്ടല്‍ മരത്തംകോട് റോഡില്‍ പുതുശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് മുകളിലേക്ക് മരം കടപുഴകി വീണു. ബുധന്‍ രാവിലെ പത്തോടെയാണ് സംഭവം. കുന്നംകുളം തൃശൂര്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികളുടെ ഭാ​ഗമായി ചേലക്കരയിലേക്ക് മെറ്റല്‍ എടുക്കാന്‍ പോകുന്നതിനിടെയാണ് അപകടം. 

അ​ഗ്നിരക്ഷാസേനാം​ഗങ്ങളെത്തി മരംമുറിച്ചുനീക്കി. നിലവില്‍ ജില്ലയില്‍ ക്യാമ്പകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. ഇന്ന് 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെമഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഉണ്ടാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ മരച്ചുവട്ടിൽ വാഹനങ്ങള്‍ വെയ്ക്കുകയോ ചെയ്യരുതെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Exit mobile version