Site iconSite icon Janayugom Online

കനത്തമഴ : കരകവിഞ്ഞൊഴുകിയ കല്ലടയാറില്‍ പത്ത് കിലോമീറ്ററിലധികം ഒഴുകിപ്പോയ വീട്ടമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

കനത്തമഴയില്‍ കരകവിഞ്ഞൊഴുകിയ കല്ലടയാററില്‍ 10 കിലോമീറ്ററിലധികം ഒഴുകിപ്പോയ വീട്ടമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കുളക്കട കിഴക്ക് മനോജ് ഭവനില്‍ ശ്യമളയമ്മ യെയാണ് മരണക്കയത്തില്‍ നിന്ന് ജീവന്റെ തുരുത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. കല്ലടയാറ്റില്‍ താഴത്തുകുളക്കട പരമേശ്വരത്ത് കടവില്‍ കഴിഞ്ഞ ദിവസം രാവിലെ 7.30 ഓടെയാണ് ശ്യാമളയമ്മ കാല്‍കഴുതി വീണത്. തുണി അലക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

തുടർന്ന് ഞാങ്കടവ് പാലവും കുന്നത്തൂർ പാലവും കടന്ന് 10 കിലോമീറ്ററോളം ദൂരം ശ്യാമളയമ്മ ഒഴുകിപ്പോയി. കുന്നത്തൂർ പാലത്തിന് മുകളിൽ നിന്ന ചിലർ ഇവർ ഒഴുകിപ്പോകുന്നത് കണ്ടിരുന്നു. ഒടുവിൽ പുത്തൂർ ചെറുപൊയ്ക മംഗലശ്ശേരി കടവിനു സമീപം വള്ളിപ്പടർപ്പിൽ പിടിച്ചുകിടന്ന ശ്യാമളയമ്മയുടെ നിലവിളി കേട്ട്‌ സമീപവാസിയായ പുതുമംഗലത്ത് വീട്ടിൽ ദീപ നാട്ടുകാരെയും, സഹോദരന്‍ ദിലീപ് കുമാറിനെയും വിവരം അറിയിച്ചു.

ആറ്റിൽ മീൻ പിടിക്കുകയായിരുന്ന ദിലീപ് കുമാർ കയർ കെട്ടി ശ്യാമളയമ്മയെ രക്ഷിക്കാൻ ശ്രമിച്ചു. അപ്പോഴേക്കും നാട്ടുകാരും ശാസ്താംകോട്ട അഗ്നിരക്ഷാസേനയും പുത്തൂര്‍ പൊലീസും എത്തി.ദിലീപ് കയറിൽ കെട്ടിനിർത്തിയ ശ്യാമളയെ വള്ളത്തിൽ വലിച്ചുകയറ്റി തൊട്ടടുത്ത മണമേൽ കടവിൽ എത്തിച്ചു. ശാസ്താംകോട്ട താലൂക്കാശുപത്രിയിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചു.

Eng­lish Summary:
Heavy rains: Locals res­cued a house­wife who was swept away for more than ten kilo­me­ters in flood­ed Kalladayar.

You may also like this video:

Exit mobile version