Site iconSite icon Janayugom Online

ലാഹോറില്‍ പുകമഞ്ഞ് രൂക്ഷം; ഇന്ന് മാത്രം 15,000 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ലാഹോറിലും പാകിസ്ഥാനിലെ മറ്റ് ഭാഗങ്ങളിലും പുകമഞ്ഞ് രൂക്ഷം. ഇന്ന് മാത്രം ശ്വാസകോശ പ്രശ്നങ്ങളും വൈറല്‍ രോഗബാധിതരുമായി 15,000 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വരണ്ട ചുമ, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ന്യുമോണിയ, അണുബാധ തുടങ്ങിയവയുമായി എത്തുന്നവരെക്കൊണ്ട് ലാഹോറിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മയോ ആശുപത്രി, ജിന്ന ആശുപത്രി, ഗംഗാറാം ആശുപത്രി, കുട്ടികളുടെ ആശുപത്രി തുടങ്ങിയ സര്‍ക്കാര്‍ ആശുപത്രികളിലാണ് ഏറ്റവും കൂടുതല്‍ പേരെത്തിയത്. ആസ്മ, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയുള്ളവരും കുട്ടികളും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ന്യുമോണിയ, അണുബാധ, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവ നഗരത്തില്‍ പടര്‍ന്നുപിടിക്കുകയാണ്. പത്തിലധികം പകര്‍ച്ചവ്യാധികള്‍ ലാഹോറില്‍ പടര്‍ന്നുപിടിച്ചതായും ആരോഗ്യവിദഗ്ധനായ അഷറഫ് സിയ പറഞ്ഞു. 

പുകമഞ്ഞ് നിറഞ്ഞതോടെ വിവാഹങ്ങള്‍ക്കുള്‍പ്പെടെ മൂന്ന് മാസത്തയേക്ക് നിരോധനമേര്‍പ്പെടുത്തി. പാകിസ്ഥാന്‍ പഞ്ചാബ് സര്‍ക്കാര്‍ സംസ്ഥാനത്തെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
നാസയുടെ മോഡറേറ്റ് റെസലൂഷന്‍ ഇമേജിങ് സെപ്ക്ട്രോറേഡിയോ മീറ്റര്‍ (മോഡിസ്) വടക്കന്‍ പാകിസ്ഥാനിലെ പുകമഞ്ഞിന്റെ ചിത്രം പുറത്തുവിട്ടിരുന്നു. പാകിസ്ഥാനിലെ പഞ്ചാബ് മേഖലയിലെ വായു ഗുണനിലവാരം ഈ മാസം പത്തിന് 1900ന് മുകളിലായിരുന്നുവെന്നും നാസയുടെ റിപ്പോര്‍ട്ട് പറയുന്നു. പുകമഞ്ഞിനെ ദുരന്തമായി പ്രഖ്യാപിച്ച് ആവശ്യമായി നടപടികള്‍ സ്വീകരിക്കാനുള്ള നീക്കത്തിലാണ് പഞ്ചാബ് സര്‍ക്കാരെന്നും വിവിധ പാകിസ്ഥാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Exit mobile version