ജമ്മു കശ്മീരില്‍ കടുത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ജനജീവിതം തടസപ്പെട്ടു. വെള്ളിയാഴ്ച മുതലാണ് കശ്മീരിന്റെ വിവിധ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച രൂക്ഷമായത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ കശ്മീരിലെ റെയില്‍ ഗതാഗതം തടസപ്പെട്ടു. ഇതിനു പുറമെ ജമ്മുവിലേക്കുള്ള നിരവധി വിമാനങ്ങളും റദ്ദാക്കിയിരുന്നു. ശ്രീനഗര്‍-ജമ്മു ദേശീയപാത അടച്ചിട്ടത് ജനജീവിതം കൂടുതല്‍ ദുസഹമാക്കി. റെയില്‍വേ ട്രാക്കില്‍ മഞ്ഞ് അടിഞ്ഞുകൂടിയതിനാല്‍ ബനിഹല്‍-ബാരാമുള്ള സെക്ഷനിലെ റെയില്‍വേ ഗതാഗതം താല്കാലികമായി നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ശ്രീനഗറില്‍ നിന്നുമുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി. റണ്‍വേ വൃത്തിയാക്കിയെങ്കിലും കാലാവസ്ഥ മെച്ചപ്പെട്ടാല്‍ മാത്രമേ യാത്ര പുനരാരംഭിക്കുകയുള്ളൂവെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. ഗതാഗതം തടസപ്പെട്ട സാഹചര്യത്തില്‍ ദേശീയ പാതയിലെ മഞ്ഞ് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് അധികാരികള്‍. അതേ സമയം താഴ്വരയിലെ നിരവധി പ്രദേശങ്ങളിലെ വൈദ്യുതി വിതരണത്തെയും മഞ്ഞുവീഴ്ച തടസപ്പെടുത്തി.
ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും കശ്മീര്‍ സര്‍വകലാശാല മാറ്റിവച്ചു. തെക്കന്‍ കശ്മീരില്‍ കനത്തതോ അതിശക്തമോ ആയ മഞ്ഞുവീഴ്ച രേഖപ്പെടുത്തി. അതേ സമയം മധ്യ കശ്മീരിലെ സമതലങ്ങളില്‍ മിതമായതും വടക്കന്‍ കശ്മീരില്‍ നേരിയ തോതിലും മഞ്ഞുവീഴ്ച രേഖപ്പെടുത്തി. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കശ്മീരില്‍ ഇത്രയും കനത്ത മഞ്ഞുവീഴ്ച ലഭിക്കുന്നത്. ഇത് നദികളിലെ ജലത്തിന്റെ ഒഴുക്കും തടസപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ ജനുവരി അവസാന ആഴ്ചയില്‍ മാത്രമായിരുന്നു കശ്മീരില്‍ മഞ്ഞുവീഴ്ചയുണ്ടായിരുന്നത്. അതേ സമയം മഞ്ഞുവീഴ്ച പ്രദേശത്തെ കൃഷിയെയും വിനോദ സഞ്ചാരത്തെയും അനുകൂലമായി ബാധിക്കുമെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ വിദഗ്ധന്‍ അബ്ദുള്‍ ഗഫാര്‍ ഭട്ട് പറഞ്ഞു.
കുല്‍ഗാമിലാണ് ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയത്. 25 ഇഞ്ച്. ശ്രീനഗര്‍ ലേ ഹൈവേയില്‍ 15, ബുദ്ഗാമില്‍ 7–10, പുല്‍വാമ 10–15 ഇഞ്ച് മഞ്ഞുവീഴ്ച രേഖപ്പെടുത്തി. അതേ സമയം കുപ്വാരയില്‍ 1–2 ഇഞ്ച് മഞ്ഞുവീഴ്ചയാണ് ലഭിച്ചത്. ജനുവരി ആദ്യവാരം താഴ്വരയില്‍ കൂടുതല്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേ സമയം ഹിമാചല്‍ പ്രദേശിലെ കുളുവിലും മഞ്ഞുവീഴ്ച രൂക്ഷമായിരിക്കുകയാണ്. കുളുവില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ കുടുങ്ങിപ്പോയ വിനോദ സഞ്ചാരികളെ പൊലീസ് രക്ഷപെടുത്തി. സ്കീ റിസോട്ടായ സോളാങ് നലയില്‍ 5000 വിനോദസഞ്ചാരികളാണ് അതിശൈത്യത്തില്‍ അകപ്പെട്ടത്. വാഹനങ്ങളില്‍ കുടുങ്ങികിടന്ന ആളുകളെ പൊലീസ് രക്ഷപെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് കുളു പൊലീസ് സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു.