Site iconSite icon Janayugom Online

യുഎസില്‍ കനത്ത ശീതക്കാറ്റ് തുടരുന്നു; മരണം 30 കടന്നു

യുഎസിന്റെ പലഭാഗങ്ങളിലും കനത്ത ശീതക്കാറ്റ് തുടരുന്നു. വടക്ക് കിഴക്കന്‍, ദക്ഷിണമേഖലകളില്‍ മഞ്ഞ് വീഴ്ച തുടരുകയാണ്. രാജ്യത്ത് മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 30 കവിഞ്ഞു.
അര്‍ക്കനാസ് മുതല്‍ ന്യൂഇംഗ്ലണ്ട് വരെയുള്ള 2100 കിലോമീറ്ററോളം നീളത്തില്‍ ഒരടിയോളം ഉയരത്തില്‍ മഞ്ഞ് വീഴ്ചയുണ്ടായി. നിരവധി വിമാനങ്ങള്‍ റദ്ദാക്കി, ഗതാഗതം സ്തംഭിച്ചു, വ്യാപകമായി സ്കൂളുകള്‍ അടച്ചിട്ടു.
യുഎസിന്റെ മൂന്നില്‍ രണ്ട് ഭാഗവും ശീതക്കാറ്റിന്റെ പിടിയിലാണ്. ആര്‍ടിക് കാറ്റ് വീശുന്നതോടെ തണുപ്പ് ഇതേ നിലയില്‍ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നത്. കിഴക്കന്‍ തീരങ്ങളില്‍ മറ്റൊരു ശീതക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.
ദേശവ്യാപകമായി അഞ്ച് ലക്ഷത്തിലധികം വൈദ്യുതി തടസങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ കൂടുതലും ദക്ഷിണ മേഖല കേന്ദ്രീകരിച്ചാണ്. മിസിസിപ്പിയും ടെന്നിസിയിലുമാണ് ഏറ്റവും കൂടുതല്‍ ദുരന്തമുണ്ടായിരിക്കുന്നത്. കഴിയുന്നത്ര വേഗത്തില്‍ വൈദ്യുതി പുനസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ പ്രദേശത്ത് പുരോഗമിക്കുകയാണ്. മിസിസിപ്പിയില്‍ 1994ന് ശേഷമുള്ള കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. ശീതക്കാറ്റില്‍ 14 വീടുകളും 20 റോഡുകളും തകര്‍ന്നനിലയിലാണ്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഓക്സ്ഫോ‍ഡ് സര്‍വകലാശാല ഒരാഴ്ചത്തെ ക്ലാസുകള്‍ റദ്ദാക്കി.
ഇതുവരെ 12,000 ല്‍ അധികം വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്. ഞായറാഴ്ച 45 ശതമാനം വിമാനങ്ങള്‍ റദ്ദാക്കി. കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് ഇത്രയധികം വിമാനങ്ങള്‍ ഒരുമിച്ച് റദ്ദാക്കുന്നത്. 

Exit mobile version