Site iconSite icon Janayugom Online

യുഎസില്‍ കനത്ത ഹിമക്കാറ്റ്; 14,000 വിമാനങ്ങള്‍ റദ്ദാക്കി

കനത്ത ശീതക്കാറ്റിനെ തുടര്‍ന്ന് യുഎസിന് അകത്തേയ്ക്കും പുറത്തേയ്ക്കും സര്‍വീസ് നടത്തുന്ന 14,000 വിമാനങ്ങള്‍ റദ്ദാക്കി. ശൈത്യക്കാറ്റിന്റെ തീവ്രത മൂലം രാജ്യവ്യാപകമായി വൈദ്യുത തടസം, ഗതാഗതക്കുരുക്ക്, മഞ്ഞ് വീഴ്ച എന്നിവ അനുഭവപ്പെടുകയാണ്. 

ഇന്നലെ പുലര്‍ച്ചെ മുതല്‍ 1,80,000 വീടുകളാണ് വൈദ്യുത ബന്ധം തകരാറിലായത്. ഹിമക്കാറ്റ് കൂടുതൽ ശക്തമാകുമെന്ന പ്രവചനത്തെ തുടർന്ന്, ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്ന് യുഎസിലെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ നിർദേശം നൽകി. കെന്റക്കി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്. പൊതുപരിപാടികൾ റദ്ദാക്കി. പല സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

ന്യൂ മെക്സിക്കോ മുതൽ ന്യൂ ഇംഗ്ലണ്ട് വരെ വരെയുള്ള മേഖലയിലെ 14 കോടി ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഈ കാലാവസ്ഥാ പ്രതിഭാസം വ്യാപകമായ മഞ്ഞുവീഴ്ചയ്ക്കു കാരണമാകുമെന്നും കിഴക്കൻ ടെക്സസ് മുതൽ നോർത്ത് കാരോലൈന വരെയുള്ള മേഖലയെ ബാധിക്കാനിടയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഹിമക്കാറ്റ് മൂലമുള്ള അതിശക്തമായ മഞ്ഞുവീഴ്ച യുഎസിലെ പകുതിയോളം പ്രദേശങ്ങളിലും തുടരുമെന്നാണ് മുന്നറിയിപ്പ്. ആലിപ്പഴത്തെക്കാൾ ചെറിയ വലുപ്പത്തിലെ മഞ്ഞുകട്ടകൾ വീണു കൂമ്പാരം കൂടിയുള്ള അപകടകരമായ അവസ്ഥയാണ്. ചുഴലിക്കാറ്റുണ്ടാക്കുന്ന നാശനഷ്ടങ്ങളെ വെല്ലുന്ന കെടുതികളായിരിക്കും ഹിമക്കാറ്റിന്റേതെന്നാണ് മുന്നറിയിപ്പ്.

Exit mobile version