Site iconSite icon Janayugom Online

നിരോധനം ലംഘിച്ച് ഭാരവാഹനങ്ങൾ; ഗതാഗത കുരുക്ക് രൂക്ഷം

കുട്ടനാട്: ഗതാഗതക്കുരുക്കിൽ വലഞ്ഞ് ആലപ്പുഴ- ചങ്ങനാശേരി യാത്ര. നവീകരണ ജോലികൾ നടക്കുന്നതിനാൽ ഏർപ്പെടുത്തിയിരിക്കുന്ന പകരം സംവിധാനങ്ങൾ പാളിയതാണ് ഗതാഗതക്കുരുക്കിൽ കലാശിച്ചിരിക്കുന്നത്. നവീകരണ ജോലികളുടെ ഭാഗമായി റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എന്നാൽ, താല്‍ക്കാലികമായി തയാറാക്കിയിട്ടുള്ള സർവീസ് റോഡുകളുടെ പോരായ്മകളും നിയന്ത്രണങ്ങളിലെ അപാകതകളുമാണ് ഗതാഗതക്കുരുക്കിനു കാരണമാകുന്നത്.

ഇതുവഴി ഭാരവാഹനങ്ങളുടെ യാത്രയ്ക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, നിയന്ത്രണങ്ങൾ ലംഘിച്ചു ടിപ്പർ, ടോറസ് ലോറികളടക്കമുള്ള ഭാരവാഹനങ്ങൾ പലപ്പോഴും ഇതുവഴി വരുന്നുണ്ട്. ഇതു മറ്റു ചെറുവാഹനങ്ങളുടെ വഴിമുടക്കുന്നതു പതിവുകാഴ്ചയാണ്. കഴിഞ്ഞദിവസം ഭാരം കയറ്റിവന്ന കണ്ടെയ്നർ ലോറി റോഡിനു കുറുകെ കിടന്നതാണ് ഗതാഗതക്കുരുക്കിനു കാരണമായത്. താത്കാലികമായി ഉണ്ടാക്കിയിട്ടുള്ള സർവീസ് റോഡിന്റെ അപാകതകളും വാഹന യാത്രക്കാരെ വലയ്ക്കുന്നു.

വീതി കുറഞ്ഞതും കുഴികൾ നിറഞ്ഞതുമായ റോഡിൽ ഗതാഗതം അതിദുഷ്കരമാണ്. റോഡിൽ പലേടത്തും വെള്ളക്കെട്ടുണ്ട്. കുഴിനിറഞ്ഞ റോഡിൽ അപകടത്തിൽപെടുന്ന ഇരുചക്രവാഹന യാത്രക്കാർ ചെളിക്കുഴിയിൽ വീഴുന്നതും പതിവാണ്. കാലവർഷം സജീവമാകാനിരിക്കെ സർവീസ് റോഡ് ഗതാഗത യോഗ്യമാക്കാൻ കരാറുകാർ തയാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Exit mobile version