Site icon Janayugom Online

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുകേസ്; പ്രതികള്‍ ഈ മാസം 19ന് ഇഡിക്ക് മുന്നില്‍ ഹാജരാകും

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുകേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ ഈ മാസം 19ന് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ ഹാജരാകാമെന്ന് കോടിതയെ അറിയിച്ചു. മണി ചെയിന്‍ തട്ടിപ്പിലൂടെ 1,693 കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതികളായ ഹൈ റിച്ച് കമ്പനി ഉടമകളായ കെ ഡി പ്രതാപന്‍, ഭാര്യ ശ്രീന എന്നിവരാണ് ഇക്കാര്യം അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചത്. പ്രതികള്‍ക്ക് കീഴടങ്ങിക്കൂടേയെന്നും ഇഡി അന്വേഷണത്തോട് സഹകരിച്ചുകൂടേയെന്നും കഴിഞ്ഞദിവസം കോടതി ചോദിച്ചു. കോടിക്കണക്കിന് രൂപ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടു.

അന്വേഷണത്തിന്റെ ഭാഗമായി ഇഡി തൃശൂരിലെ വസതിയില്‍ റെയ്ഡിന് എത്തുന്ന വിവരം അറിഞ്ഞാണ് ഇരുവരും ഒളിവില്‍ പോയത്. ഇരുവരും സ്ഥിരം സാമ്പത്തിക കുറ്റവാളികളാണെന്ന് ഇഡി വിചാരണക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍, സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എം ജെ സന്തോഷ് എന്നിവര്‍ സമാനസ്വഭാവമുള്ള 19 കേസുകളില്‍ കൂടി ഇവര്‍ പ്രതികളാണെന്ന വിവരം കോടതിയെ അറിയിച്ചത്. ഇതില്‍ മൂന്ന് കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതികളെ കോടതി ശിക്ഷിച്ചത്. ഇതോടെ കേസില്‍ വാദം പറയാന്‍ പ്രതിഭാഗം കൂടുതല്‍ സാവകാശം തേടിയിരുന്നു.

1630 കോടിയോളം രൂപ ഹൈറിച്ച് ഉടമകളായ പ്രതാപനും ഭാര്യയും ശ്രീനയും തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ബിസിനസ് എന്ന പേരില്‍ വലിയ തുകകള്‍ വാഗ്ദാനം നല്‍കി മണി ചെയിന്‍ തട്ടിപ്പ്, കുഴല്‍ പണം തട്ടിപ്പ്, ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് തുടങ്ങിയ നിയമവിരുദ്ധ ഇടപാടുകള്‍ നടത്തിയെന്നാണ് കണ്ടെത്തല്‍.

Eng­lish Summary:Heirich Finan­cial Fraud Case; The accused will appear before the ED on 19th of this month

You may also like this video

Exit mobile version