തുർക്കിയിൽ ഹെലികോപ്റ്റർ ആശുപത്രി കെട്ടിടത്തിൽ ഇടിച്ചുക്കയറിയുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. രണ്ട് പൈലറ്റും ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. ആശുപത്രിക്ക് മുകളിൽ നിന്ന് പറന്നുയരാൻ ശ്രമിച്ച ആംബുലൻസ് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. കനത്ത മൂടൽ മഞ്ഞാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്. മുഗ്ല ട്രെയിനിങ് ആൻഡ് റിസർച്ച് ഹോസ്പിറ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ ഇടിച്ചശേഷം ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു. കെട്ടിടത്തിന് അകത്തോ താഴെയുള്ളവർക്കോ പരിക്കുകളില്ല. ദിവസങ്ങൾക്ക് മുമ്പ് സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ആറ് സൈനികർ മരിച്ചിരുന്നു.