തെങ്ങുകയറാൻ ആളെ കിട്ടുന്നില്ലെന്ന് ഇനി പരിഭവം വേണ്ട ഒറ്റ ഫോൺ കോളിൽ തെങ്ങുകയറ്റ തൊഴിലാളികൾ നിങ്ങളുടെ വീട്ടിലെത്തും.
കേര കർഷകരെ സഹായിക്കുന്നതിന് നാളികേരത്തിന്റെ വിളവെടുപ്പിനും പരിചരണത്തിനുമായി നാളികേര വികസന ബോർഡ് ആരംഭിച്ച തെങ്ങിന്റെ ചങ്ങാതിക്കൂട്ടം ‘ഹലോ നാരിയൽ കോൾ’ സെന്ററിലേയ്ക്ക് വിളിച്ചാൽ ഉടനെ തന്നെ വിദഗ്ദ പരിശീലനം നേടിയ തെങ്ങുകയറ്റ തൊഴിലാളികളെ ലഭിക്കും. ഹലോ നാരിയൽ കോൾ സേവനത്തിനായി സംസ്ഥാനത്തെമ്പാടുമായി ഇതുവരെ ആയിരത്തോളം പേരാണ് വിവിധ ജില്ലകളിൽ പരിശീലനം പൂർത്തിയാക്കി തയ്യാറെടുത്തിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ മാത്രം 165-ഓളം തെങ്ങുകയറ്റ തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ 70‑തോളം പേർ സേവന സന്നദ്ധരായിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും തൊഴിലാളികളുടെ സേവനം ബോർഡ് ഉറപ്പാക്കിയിട്ടുണ്ട്.
തൃശൂരിലെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ പരിശീലനം പൂർത്തിയാക്കിയ തൊഴിലാളികളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9. 30 മുതൽ വൈകിട്ട് 5 മണി വരെയുള്ള സമയങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാകുക. സേവനം ആവശ്യമായവർക്ക് 9447175999 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ വാട്സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യാം. ഇവർക്ക് ഏറ്റവും അടുത്തുള്ള തൊഴിലാളികളുടെ നമ്പറുകൾ ലഭ്യമാക്കും. വിളവെടുപ്പ്, തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, മരുന്നു തളിയ്ക്കൽ, രോഗകീട നിയന്ത്രണം, കൃത്രിമ പരാഗണം തുടങ്ങിയ സേവനങ്ങൾ ഈ പദ്ധതിയിലൂടെ കേര കർഷകർക്ക് ലഭിക്കും.
തൊഴിലാളികളുടെ കൂലി നിശ്ചയിക്കുന്നത് അവരുടെ സേവനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതുവരെ 985 തെങ്ങുകയറ്റ ചങ്ങാതിമാർ കോൾ സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായിട്ടാണ് നാളികേര വികസന ബോർഡിന്റെ കണക്ക്. ഇവരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. തെങ്ങുകയറ്റ മെഷിനും ഇവർക്ക് സൗജന്യമായി ബോർഡ് നൽകിയിട്ടുണ്ട്. ഈ രംഗത്ത് കൂടുതൽ പേരെ കണ്ടെത്തുന്നതിനായി കർമ്മനിരതരായി സേവനം ചെയ്യാൻ തയ്യാറായിട്ടുള്ള തെങ്ങ് കയറ്റക്കാർക്കും തെങ്ങിന്റെ ചങ്ങാതിമാർക്കും കോൾ സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാം. വിവിധ ജില്ലകളിൽ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലത്തിലാണ് ചങ്ങാതിമാരുടെ സേവനം ലഭ്യമാക്കുന്നത്.
മുൻ കാലങ്ങളിൽ കൂടുതൽ സ്ത്രീകൾ തെങ്ങുകയറ്റ രംഗത്തേക്ക് കടന്നു വന്നെങ്കിലും ഇപ്പോൾ ഈ രംഗത്ത് തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യമാണെന്ന് ബോർഡ് അധികൃതർ പറയുന്നു. 2011 മുതൽ നാളികേര വികസന ബോർഡ് തൊഴിലാളികൾക്ക് വിദഗ്ധ പരിശീലനം നൽകി വരുന്നുണ്ട്. ഈ കാലയളവിൽ 33000 തെങ്ങുകയറ്റ തൊഴിലാളികളാണ് ബോർഡിന് കീഴിൽ പരിശീലനം പൂർത്തിയാക്കിയിട്ടുള്ളത്. ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് 7 ലക്ഷം രൂപ വരെയുള്ള അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.