Site iconSite icon Janayugom Online

ഗവേഷണ പഠനത്തിനൊപ്പം ചായക്കടയിലും സഹായി; ജീവിത സാഹചര്യങ്ങളോട് പടപൊരുതി ആര്‍ദ്ര

ഗവേഷണ പഠനത്തിനൊപ്പം അരൂർ റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപത്തെ മാതാപിതാക്കളുടെ ചായക്കടയിൽ തുണയായി അരൂർ സ്വദേശി ആർദ്ര എം അപ്പുകുട്ടൻ.ജീവിതചര്യങ്ങളോട് പടപൊരുതി നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് ഇന്ന് ഈ യുവതി. പുലർച്ചെ 5 മണിമുതല്‍ കടയിലെ അടുക്കള കൈകാര്യം ചെയ്യുന്നത് അമ്മ മോളിയും ആർദ്രയും ചേർന്നാണ്. പത്തുമണിയായാൽ ക്യാഷ് കൗണ്ടറിൽ.

ഊണിന്റെ സമയമായാൽ ക്യാഷ് കൗണ്ടർ അച്ഛൻ അപ്പുക്കുട്ടനെ ഏൽപ്പിച്ച് ഭക്ഷണം വിളമ്പും. സഹായത്തിന് കടയിലെത്തുന്ന മറ്റ് ജോലിക്കാർ വന്നില്ലെങ്കിൽ പാത്രം കഴുകുന്നതും മറ്റ് പണികൾ ചെയ്യുന്നതും ആർദ്ര തന്നെ. കോളേജിൽ പോയി തിരികെയെത്തിയാൽ നേരെ വരുന്നതും കടയിലേക്ക് തന്നെ. പിന്നീട് രാത്രി പത്തു മണിക്ക് കട അടച്ച് മൂവരും കൂടി ഒന്നിച്ചാണ് വീട്ടിലേക്ക് പോകുന്നതും. പ്ലസ്‌ടു കഴിഞ്ഞ ശേഷം മുതൽ എല്ലാ ദിവസവും ഇത് തന്നെയാണ് ആർദ്രയുടെ ദിനചര്യ. കൊച്ചി സാങ്കേതിക സർവ്വകലാശാലയ്ക്ക് കീഴിലുള്ള മറൈൻ ബയോളജി ക്യാമ്പസിലാണ് ഗവേഷണ പഠനം. മഹാരാജാസിലെ ബിരുദ പഠനത്തിന് ശേഷമാണ് ആർദ്ര കുസാറ്റിൽ ബിരുദാനന്തര ബിരുദത്തിന് ചേരുന്നത്. ശേഷം അവിടെ തന്നെ എൻട്രൻസ് എഴുതി ഗവേഷണത്തിന് ചേരുകയായിരുന്നു. അച്ഛനെയുെ അമ്മയെയും ജോലിയിൽ സഹായിക്കുകയല്ല, മറിച്ച് താൻ ഉൾപ്പടെയുള്ള മൂന്ന് പേരുടെ വരുമാന മാർഗമെന്ന നിലയിൽ ജോലികളിൽ പങ്കാളിയാവുക എന്നതാണ് ഇതിലൂടെ ചെയ്യുന്നതെന്നാണ് ആർദ്രയുടെ പക്ഷം. ചായക്കടയാണ് എന്നതിന്റെ പേരിൽ നാണക്കേട് തോന്നേണ്ട കാര്യമില്ലെന്നും തന്റെ കൂട്ടുകാർക്കെല്ലാം ഇക്കാര്യം അറിയാവുന്നത് കൊണ്ട് തന്നെ ഇതുവഴി പോകുന്ന കൂട്ടുകാർ ഇടയ്ക്ക് ഇവിടെ കഴിക്കാൻ എത്തുന്നതാണ് തനിക്ക് ഏറ്റവും സന്തോഷം നൽകുന്നതെന്നും ആർദ്ര പറയുന്നു.

കടയിൽ തിരക്കൊഴിയുമ്പോഴും മറ്റും പഠിക്കാനും സമയം കണ്ടെത്താറുണ്ട്. പഠന കാലത്തെ പരീക്ഷകളും ഗവേഷണത്തിന്റെ തിരക്കുകളും മറ്റും വരുമ്പോൾ കടയിൽ നിന്ന് ലീവെടുത്ത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. എത്രയും വേഗം ഗവേഷണം പൂർത്തിയാക്കി പിഎച്ച്ഡി ബിരുദം നേടി സർക്കാർ സർവീസിൽ തന്നെ ജോലി നേടണമെന്നാണ് ആർദ്രയുടെ ആഗ്രഹം. വിശപ്പിന്റെ വിലയറിയുന്നത് കൊണ്ട് തന്നെ കടയിൽ വരുന്നവരുടെ വയറിനൊപ്പം രുചികൊണ്ട് മനസ്സും നിറച്ച ശേഷമേ ഈ അച്ഛനും മകളും വിടൂ. ചായക്കടയിലെ വരുമാന മാർഗ്ഗം കൊണ്ടാണ് ഈ മാതാപിതാക്കൾ മകളെ പഠിപ്പിച്ചത്. എത്ര കഠിനാധ്വാനം ചെയ്തും മകളുടെ പഠനത്തിന് എല്ലാപിന്തുണയും നൽകാനും ആർദ്രയ്ക്ക് കരുത്തായി അവരുണ്ട്. ജീവിതയാത്രയിൽ ഏറെ ദുരിതങ്ങളും പ്രതിസന്ധികളും അതിജീവിച്ചാണ് ആർദ്രയും കുടുംബവും പൊരുതുന്നത്. തന്റെ സ്വപ്‌നങ്ങൾ എല്ലാം ഒരു ദിവസം സാധ്യമാക്കി അച്ഛനെയും അമ്മയെയും നന്നായി നോക്കണമെന്നാണ് ആർദ്രയുടെ ആഗ്രഹം.

Exit mobile version