ഹേമകമീഷൻ റിപ്പോർട്ടിൽ സർക്കാർ നിലപാട് വ്യക്തമാണെന്നും ഇപ്പോൾ പ്രചരിപ്പിക്കുന്നത് സങ്കുചിതരാഷ്ട്രീയ താൽപര്യമാണെന്നും മന്ത്രി എം.ബി. രാജേഷ്. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ആരെയും സംരക്ഷിക്കില്ല. അങ്ങനെയൊരു ക്രെഡിറ്റ് വേണ്ട. ബോളിവുഡിലടക്കം മീടുപോലെ വെളിപ്പെടുത്തൽ ഒരിടത്തും ഒരുചർച്ചയും വന്നില്ല. ഒരുകമ്മിറ്റിയെ വെക്കണമെന്നുപോലും പറയില്ല. ആരും പറയാതെ തന്നെ കേരളത്തിലെ സർക്കാർ ഈനിലപാട് സ്വീകരിച്ചു.
സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ മുന്നോട്ടുവെച്ച നിർദേശത്ത ഗൗരവത്തോടെ കാണുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇത്തരം കേസുകളിൽ നേരത്തെ പരാതി വന്നപ്പോൾ വലിപ്പചെറുപ്പമില്ലാതെ മുഖംനോക്കാതെ നടപടിയെടുത്തിട്ടുണ്ട്. ഹേമകമീഷൻ റിപ്പോർട്ടിൽ നിയമപരമായ നടപടി സർക്കാർ സ്വീകരിക്കും. കോൺക്ലേവ് എല്ലാവരെയും ഉൾപ്പെടുത്തിയുള്ള നയംരൂപവത്കരിക്കാനുള്ള കൂട്ടായ ചർച്ചയാണ്. ഡബ്ല്യൂ.സി.സിയുടെ വക്താവ് സംസാരിച്ചമത് കോൺക്ലേവിന്‍റെ വിശദാംശം വരട്ടെയെന്നാണ്. അതിനെ ചിലർ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.