Site iconSite icon Janayugom Online

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സര്‍ക്കാര്‍ നിലകൊള്ളുന്നത് ചൂഷിതർക്കൊപ്പം: മുഖ്യമന്ത്രി

സിനിമാമേഖലയിൽ ചൂഷണം നേരിടുന്നവർക്കൊപ്പമാണ് എക്കാലവും സർക്കാർ നിലകൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗ്രൂപ്പുകളോ കോക്കസുകളൊ ഭരിക്കുന്നതാവരുത് സിനിമ. ഇരയ്ക്ക് നിരുപാധികമായ ഐക്യദാര്‍ഢ്യവും വേട്ടക്കാരനെതിരെ സന്ധിയില്ലാത്ത പോരാട്ടവുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. അത് ഒരിക്കലല്ല പല തവണ ഈ സര്‍ക്കാര്‍ പ്രവൃത്തികൊണ്ട് അടയാളപ്പെടുത്തിയിട്ടുള്ളതാണ്.
റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയവര്‍ പരാതി നല്‍കാന്‍ തയ്യാറായാല്‍ ഉചിതമായ ഇടപെടലുണ്ടാകും. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ എത്ര ഉന്നതനായാലും നിയമത്തിനു മുന്നിലെത്തിക്കും. അതില്‍ ഒരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

സിനിമാമേഖല കുത്തഴിഞ്ഞതാണെന്നോ അതിലെ സാങ്കേതിക പ്രവര്‍ത്തകരും നടീനടന്‍മാരും ആകെ അസാന്മാര്‍ഗിക സ്വഭാവം വച്ചുപുലര്‍ത്തുന്നവരാണെന്നോ ഉള്ള അഭിപ്രായം സര്‍ക്കാരിനില്ല. ഒരു റിപ്പോര്‍ട്ടിന്റെ ഭാഗമായി സിനിമയിലെ ചിലര്‍ക്ക് ഉണ്ടായ തിക്താനുഭവങ്ങള്‍ വച്ച് 94 വര്‍ഷത്തെ പൈതൃകമുളള മലയാള സിനിമ രംഗത്തെ വിലയിരുത്തരുത്. ലോകസിനിമാ ഭൂപടത്തില്‍ മലയാളത്തിന്റെ ശക്തിയും സൗന്ദര്യവും എത്രയോ വട്ടം അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. അത്തരം ഒരു ഭാഷയിലെ ചലച്ചിത്രരംഗത്തെ ആകെ ചെളിവാരിയെറിയുന്ന തരം ആക്ഷേപങ്ങള്‍ പുരോഗതിക്ക് ചേരില്ല. എന്നാല്‍ അനഭിലഷണീയമായ പ്രവണതകളോട് യാതൊരു സന്ധിയും പാടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സിനിമാ തിരക്കഥയുടെ ഭാഗമായി വില്ലന്‍മാരുണ്ടാകാം. പക്ഷെ സിനിമാ വ്യവസായത്തില്‍ വില്ലന്‍മാരുടെ സാന്നിധ്യം ഉണ്ടാവാന്‍ പാടില്ല. സിനിമയ്ക്കുള്ളിലെ അനഭിലഷണീയമായ പ്രവണതകളെ ചോദ്യം ചെയ്യാനും ജോലിക്ക് മാന്യമായ വേതനവും ഉറപ്പുവരുത്താനും സിനിമയിലെ സംഘടനകള്‍ മുന്‍കൈ എടുക്കണം. മാന്യമായ പെരുമാറ്റവും മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷവും ഉറപ്പ് വരുത്തുന്നില്ലെങ്കില്‍ മലയാളസിനിമയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. ആശയപരമായ അഭിപ്രായഭിന്നതകള്‍ സിനിമയെ ശക്തിപ്പെടുത്താന്‍ വേണ്ടിയുളളതാവണം. ആരെയും ഫീല്‍ഡ് ഔട്ട് ആക്കാനോ, കഴിവില്ലാത്തവര്‍ക്ക് അവസരം നല്‍കാനോ സിനിമയ്ക്കുള്ളിലെ ആരും തങ്ങളുടെ അധികാരങ്ങള്‍ ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

റിപ്പോര്‍ട്ട് പൂഴ്ത്തിയിട്ടില്ല

ഹേമ കമ്മിറ്റി റിപ്പോർട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ടില്‍ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ പുറത്തുവിടാന്‍ പാടില്ല എന്നാവശ്യപ്പെട്ടുകൊണ്ട് ജസ്റ്റിസ് ഹേമ തന്നെ സര്‍ക്കാരിന് 2020ല്‍ കത്ത് നല്‍കിയിരുന്നു. അന്നത്തെ സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ജസ്റ്റിസ് ഹേമ കത്ത് നല്‍കിയത്. മുഖ്യമന്ത്രി പറഞ്ഞു. 

Exit mobile version