ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. വനിതാ ജഡ്ജിയടങ്ങുന്ന പ്രത്യേക ബെഞ്ചായിരിക്കും ഹർജികൾ കേൾക്കുകയെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനിതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റിസും ജസ്റ്റിസ് എസ് മനുവും അടങ്ങിയ ഡിവിഷൻ ബെഞ്ച് തീരുമാനം പ്രഖ്യാപിച്ചത്. കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹർജികൾ വനിതാ ജഡ‍്ജിയുൾപ്പെട്ട പ്രത്യേക ബെഞ്ചായിരിക്കും പരിഗണിക്കുക. സജിമോൻ പാറയിലിന്റെ ഹർജിയും ഇനി ഈ ബെഞ്ചായിരിക്കും പരിഗണിക്കുക.
ഹേമ കമ്മിറ്റി റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാൻ ആക്ടിങ് ചീഫ് ജസ്റ്റിസ് നേരത്തെ നിർദേശിച്ചിരുന്നു. റിപ്പോർട്ടിലെ ആരോപണങ്ങളിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് പായിച്ചിറ നവാസ് നൽകിയ പൊതുതാല്പര്യ ഹർജിയിലായിരുന്നു ഈ നിർദേശം. 10ന് സർക്കാരിന്റെ മറുപടിക്കായി കേസ് പരിഗണിക്കുക പുതിയ ബെഞ്ചാകും.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാല്പര്യ ഹർജിയും ഇതിൽ പരാമർശിക്കുന്ന കുറ്റകൃത്യങ്ങളിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ക്രൈം എഡിറ്റർ ടി പി നന്ദകുമാറിന്റെ ഹർജിയും റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പുറത്തുവിടണമെന്നും കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ മാസം ഒമ്പതിന് കേസ് പരിഗണിക്കുന്ന കോടതി, വനിതാ കമ്മിഷനെയും സ്വമേധയാ കക്ഷിചേർത്തിട്ടുണ്ട്.