ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനുള്ള കേരള ഹൈക്കോടതി വിധിക്ക് സ്റ്റേ നല്‍കാതെ സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം സ്വീകരിക്കുന്ന നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന നിര്‍മ്മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജിയിലെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീയസച്ചു.
ജസ്റ്റിസുമാരായ വിക്രം നാഥ്, പി ബി വരാലെ എന്നിവര്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും അന്വേഷണം നടത്താനും ഹൈക്കോടതി ഉത്തരവിട്ടെങ്കിലും അന്വേഷണ വേളയില്‍ ഇരകളുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നും കേസുകളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ എഫ്ഐആര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പ്രതികള്‍ക്ക് കൈമാറരുതെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 40 കേസുകള്‍ പ്രത്യേക അന്വേഷണസംഘം ഉടന്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് സജിമോനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടു. ഇക്കാര്യം കേസ് വീണ്ടും പരിഗണനയ്ക്ക് എത്തുമ്പോള്‍ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. സീനിയര്‍ അഭിഭാഷകന്‍ കെ പരമേശ്വരന്‍, അഭിഭാഷകരായ എ കാര്‍ത്തിക്, സൈബി ജോസ് കിടങ്ങൂര്‍ എന്നിവരും ഹര്‍ജിക്കാരനായ സജിമോനുവേണ്ടി കോടതിയില്‍ ഹാജരായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.