Site iconSite icon Janayugom Online

ഹേമന്ത് സൊരേന്‍ വീണ്ടും മുഖ്യമന്ത്രി

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി പദത്തിലേക്ക് വീണ്ടും തിരിച്ചെത്തി ഹേമന്ത് സൊരേന്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സൊരേന്‍ കഴിഞ്ഞമാസം 28നാണ് ജയില്‍മോചിതനായത്. തുടര്‍ന്ന് ഇന്നലെ നടന്ന ജെഎംഎം-ഇന്ത്യ സഖ്യ യോഗത്തിലാണ് സൊരേനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്.
നിലവിലെ മുഖ്യമന്ത്രി ചംപായ് സൊരേന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. സത്യപ്രതിജ്ഞാ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ജെഎംഎം വൃത്തങ്ങള്‍ അറിയിച്ചു. 

ഹേമന്ത് സൊരേനെ നിയമസഭാ കക്ഷി നേതാവായി വീണ്ടും തെരഞ്ഞെടുത്തു. ഇത് മൂന്നാം തവണയാണ് ഹേമന്ത് സൊരേന്‍ സംസ്ഥാനത്ത് മുഖ്യമന്ത്രിയായെത്തുന്നത്. താന്‍ മുഖ്യമന്ത്രി പദം രാജിവച്ചതായി ചംപായ് സൊരേന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹേമന്ത് സൊരേന്‍ മടങ്ങിവന്ന സാഹചര്യത്തില്‍ മുന്നണിയാണ് തന്റെ രാജി സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്ന് ചംപായ് സൊരേന്‍ പ്രതികരിച്ചു. ഹേമന്തിന്റെ അറസ്റ്റിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ചംപായ് സൊരേന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. 

ആദിവാസി ഭൂമി തട്ടിയെടുക്കല്‍-ഖനന അഴിമതി എന്നിവയില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇഡി അദ്ദേഹത്തെ അഞ്ച് മാസം മുമ്പ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രി പദം രാജിവച്ചു. പിന്നാലെ ചംപായ് സൊരേനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മോചിതനായതിന് പിന്നലെ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സഖ്യകക്ഷി നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. മുഖ്യമന്ത്രി ചംപായ് സൊരേന്‍ അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് ഹേമന്തിന്റെ മുഖ്യമന്ത്രി കസേരയിലേക്കുള്ള തിരിച്ചുവരവ് ചര്‍ച്ചയായത്.
ഝാര്‍ഖണ്ഡിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മീര്‍, പിസിസി അധ്യക്ഷന്‍ രാജേഷ് ഠാക്കൂര്‍ എന്നിവരും പങ്കെടുത്തിരുന്നു. 

Eng­lish Sum­ma­ry: Hemant Soren is the Chief Min­is­ter again

You may also like this video

Exit mobile version