Site icon Janayugom Online

കഴിവില്ലെന്ന് പരാതി പറയുന്നവര്‍ അറിയണം ബധിരയായ വാനനിരീക്ഷക ഹെൻറീത്തയെക്കുറിച്ച്

henreetha

“ഹെൻറീത്ത… കുറച്ചു നേരമെങ്കിലും ഉറങ്ങണ്ടേ… നേരം മൂന്നുമണിയായിരിക്കുന്നു.”

രാവേറെയായാലും ഉറങ്ങാതെ ജോലി ചെയ്യുന്നതിനു സഹായിയുടെ സ്നേഹശകാരമാണ്..

“നീയുറങ്ങിക്കോളൂ… ഇനിമുതൽ എനിക്കു ഉറക്കമില്ലാത്ത രാത്രികളാണ്. മഗല്ലാനിക് മേഘങ്ങൾ എന്നെ സെഫീഡുകളിലേയ്ക്ക് അടുപ്പിക്കുകയാണ്.”

“ശ്വാസംകിട്ടാൻ ആഞ്ഞുവലിച്ച് ഉച്ഛ്വാസവായു പുറത്തേയ്ക്കു തള്ളി കിതയ്ക്കുന്ന രോഗിയായ ഡെൽറ്റ സെഫീഡിനെ എനിക്കു പരിചരിക്കണം..”

ഹാർവാഡ് ഒബ്സർവേറ്ററിയിലെ ആഴ്ചക്കൂലിക്കാരിയായിരുന്നു ബാല്യംതൊട്ടേ ബധിരയായിരുന്ന ഹെൻറീത്ത. ഔപചാരികവിദ്യാഭ്യാസംമാത്രമാണു കൈമുതൽ. നിത്യവൃത്തിക്കാണു വാനനിരീക്ഷണകേന്ദ്രത്തിൽ ജീവനക്കാരിയായത്.

ചുരുങ്ങിയ കാലയളവിൽ ഒരു നക്ഷത്രത്തിന്റെ പ്രഭയുടെ അളവിൽ കാര്യമായ വ്യത്യാസം വരുന്നുണ്ടെങ്കിൽ അത്തരം നക്ഷത്രത്തെ ചരനക്ഷത്രം (vari­able star) എന്നു വിളിക്കുന്നു. പ്രഭയുടെ അളവിൽ വ്യത്യാസം വരുന്നത് ആ നക്ഷത്രത്തിന്റെ പരിണാമഫലമായോ അല്ലെങ്കിൽ ആ നക്ഷത്രത്തോടു ചേർന്നുകിടക്കുന്ന മറ്റു ഖഗോളവസ്തുക്കൾ സൃഷ്ടിക്കുന്ന എന്തെങ്കിലും പ്രതിഭാസംമൂലമോ ആകാം. ദ്യുതി മാറുന്ന നക്ഷത്രങ്ങളുടെയെല്ലാംകൂടി പൊതുപേരാണു സെഫിഡ് നക്ഷത്രം.

സെഫിഡ് നക്ഷത്രങ്ങളെയാണു ഹെൻറീത്ത ലെവിത്ത് (Hen­ri­et­ta Leav­itt) പിൻതുടർന്നത്. ഹാർവാഡ് ഒബ്സർവേറ്ററിയിൽ വാനനിരീക്ഷകർ ആകാശചിത്രങ്ങൾ ഒപ്പിയെടുക്കുന്ന ഫോട്ടോഗ്രാഫ് പ്ലെയിറ്റുകൾ നോക്കി അവയിൽ ആകെ എത്ര നക്ഷത്രങ്ങളുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ടെന്ന് എണ്ണിയെടുക്കുകയായിരുന്നു അവളുടെ ജോലി. പ്രതിഫലം ആഴ്ചയിൽ പത്തരഡോളർ.

ബുദ്ധിമതിയായ ഹെൻറീത്ത ലെവിത്ത് 2400 ചരനക്ഷത്രങ്ങളെ കണ്ടുമുട്ടി. സെഫീഡുകളുടെ പ്രകാശതീവ്രതയും ആവൃത്തിയും തമ്മിലുള്ള ബന്ധം അവർ നിരീക്ഷിച്ചു. നാം കാണുന്ന ദ്യുതി ആയിരിക്കില്ല നക്ഷത്രങ്ങളുടെ യഥാർത്ഥദ്യുതി. ദൂരെ കഴിയുന്ന ഒരു നക്ഷത്രം മങ്ങിയിരിക്കുന്നതായി തോന്നിയാലും അതിന്റെ യഥാർത്ഥപ്രകാശം വളരെ കൂടുതലായിരിക്കും. അതുപോലെ നല്ലവെളിച്ചത്തിൽ നമ്മുടെയടുത്തു തിളങ്ങിക്കാണുന്ന നക്ഷത്രം യഥാർത്ഥത്തിൽ വലിയ പ്രകാശമുള്ളതാകണമെന്നില്ല. എല്ലാ നക്ഷത്രങ്ങളും ഒരേ അകലത്തിലായിരുന്നാൽ അവയുടെ പ്രകാശതീവ്രതയിലുള്ള വ്യത്യാസം എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. മഗല്ലാനിക് മേഘത്തിലുള്ള എല്ലാ നക്ഷത്രങ്ങളും ഏകദേശം ഒരേ അകലത്തിലാണെന്നു സങ്കല്പിക്കാം. ദക്ഷിണഗോളത്തിലാണ് മഗല്ലാനിക് മേഘമെന്നറിയപ്പെടുന്ന നക്ഷത്രസഞ്ചയം.

ഉറക്കമൊഴിച്ചിരുന്നു നിരീക്ഷിച്ച് ഹെൻറീത്ത ലെവീത്ത് കണ്ടെത്തി: നക്ഷത്രത്തിന്റെ പ്രകാശ തീവ്രതയും (Lumi­nos­i­ty) വ്യതിയാനകാലവും (peri­od) തമ്മിലുള്ള ബന്ധം ഋജുവാണ്.

അവർ പഠനം തുടർന്നു, ക്യാൻസർ രോഗബാധിതയായിരുന്നപ്പോഴും. 1921ൽ 53വയസ്സിൽ ക്യാൻസറിനു കീഴ്പ്പെട്ടു ഹെൻറീത്ത മരണം വരിച്ചതു ഖഗോളശാസ്ത്രത്തിനുണ്ടായ മഹാനഷ്ടമാണ്. നിര്യാണവാർത്തയറിയാതെ അവരെ നോബൽ സമ്മാനത്തിനുവേണ്ടി പരിഗണിച്ചിരുന്നു. മരണാനന്തരം അതു സമ്മാനിക്കുന്ന രീതിയില്ലാത്തതിനാൽ ഹെൻറീത്തയ്ക്കു സമ്മാനം നഷ്ടമായി. അറിയപ്പെടാത്തവളായിരുന്ന് സെഫീഡുകളെ ആകാശവീഥിയിലെ നാഴികക്കല്ലുകളാക്കി മാറ്റിയ ഹെൻറീത്ത ലെവീത്തിനു ഒരുപിടി അശ്രുപുഷ്പങ്ങൾ…

Exit mobile version