Site iconSite icon Janayugom Online

ദേ വരുന്നു അതിവേഗ രാഷ്ട്രീയ ട്രെയിന്‍

Vandhe Barath (2)Vandhe Barath (2)

ദേ വരുന്നു വന്ദേ ഭാരത്..
ബോലോ,
ഭാരത് മാതാക്കീ ജെയ്.…
നരേന്ദ്ര മോഡീക്കീീ ജയ്…

കേരളത്തിലിപ്പോള്‍ കീ ജെയ് വിളികളാണ്. വന്ദേ ഭാരതിനും നരേന്ദ്രമോഡിക്കും. വിഷുത്തലേന്ന്, അതായത് സങ്ക്രാന്തി ദിവസം തിരുവനന്തപുരം കൊച്ചുവേളി റെയില്‍വെ സ്റ്റേഷന്‍ ആഘോഷത്തിലായിരുന്നു. അല്പന്മാരുടെ ആഘോഷം എന്നുവേണല്‍ പറയാം. കേന്ദ്ര കേരള വിമര്‍ശന വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ആര്‍ക്കും അപായമൊന്നുമുണ്ടായില്ല. പറയാന്‍ കാരണം അതിവേഗ ട്രെയിനായ വന്ദേഭാരത് വരുന്നതിന്റെ മുന്നില്‍ നിന്നുകൊണ്ടായിരുന്നു ആ ആഘോഷം. കേരളത്തിന് വിഷുക്കൈനീട്ടമായി മോഡി വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചു, അതിനെ സ്വീകരിക്കുന്നു എന്നതാണ് ആഘോഷത്തിന്റെ കാതല്‍.

കാലമേറെയായി കേന്ദ്ര ബജറ്റ് അവതരണ നാളുകളില്‍ കേരളം ആവശ്യപ്പെടുന്നതാണ് റെയില്‍വേ മേഖലയിലെ ആനുകൂല്യങ്ങളെക്കുറിച്ച്. കേരളത്തോടുള്ള അവഗണനയെക്കുറിച്ച്, ചിറ്റമ്മ നയത്തെക്കുറിച്ച്… കേരളം ഇങ്ങനെ ഓരോ ബജറ്റിലും ചോദിക്കുന്നത് മോഡിയോട് മാത്രമല്ല. അതൊരു തുടര്‍ച്ചയായിരുന്നു. മുമ്പൊക്കെ ചോദ്യത്തോട് ബജറ്റിനുശേഷം ചെറുതായൊരു അനുകൂല പ്രതികരണം ഉണ്ടാകാറുണ്ട്. ഇപ്പോഴങ്ങനല്ല. ചോദിച്ചിട്ട് വലിയ കാര്യമില്ല. കാരണം, ബജറ്റ് അവതരിപ്പിക്കുന്നത് കേന്ദ്രധനമന്ത്രിയാണെങ്കിലും കേന്ദ്ര റെയില്‍വേ ആരാന്റെ കയ്യിലാണ്.

രാജ്യത്ത് പൊതുഖജനാവിന് ഏറ്റവുമധികം പണം നല്‍കിയിരുന്ന പൊതുമേഖലാ സ്ഥാപനമായിരുന്നു, ഇന്ത്യന്‍ റെയില്‍വേ. ലാലു പ്രസാദ് യാദവിനെപ്പോലെ ചില മന്ത്രിമാര്‍ നടത്തിയ പദ്ധതികള്‍ ഇന്ത്യന്‍ റെയില്‍വേയെ ജനകീയമാക്കി. അതിനനുസരിച്ച് വരുമാനവും വര്‍ധിച്ചു. ഇപ്പോള്‍ റെയില്‍വേ സ്വകാര്യ മേഖലയിലേക്ക് കൈമാറിയിരിക്കുന്നു. പ്രത്യേകമുണ്ടായിരുന്ന ബജറ്റ്‌പോലും ഇല്ലാതായി. പൊതു ബജറ്റിന്റെ കൂട്ടത്തില്‍ ചെറിയൊരു വിഹിതം കിട്ടിയാലായി, അത്രമാത്രം. ദേശീയ വല്ക്കരണത്തിന്റെ കുത്തകാവകാശികളായ ആര്‍എസ്എസും സ്വദേശി ജാഗരണ്‍ മഞ്ചും തുടങ്ങി സകലരും അടങ്ങിയ സംഘ്പരിവാറുകാര്‍ ഭരണകൂടത്തിന്റെ പരിപാടിയാണത്. മുതലാളിമാര്‍ക്ക്് കാശുണ്ടാക്കിക്കൊടുക്കല്‍. ചുളുവില്‍ കമ്മിഷന്‍ സ്വന്തം കീശയിലേക്കും.

വന്ദേ ഭാരത് ട്രെയിനാണല്ലോ ഇപ്പോഴത്തെ വിഷയം. പണം കുറേ ആവുമെങ്കിലും വേഗത്തിലെത്തുമെന്നാണ് ഭാരത സ്‌നേഹികളുടെ വാദം. കൊച്ചുവേളിയില്‍ ബിജെപി വിളിച്ച ട്രെയിനഭിവാദ്യ മുദ്രാവാക്യങ്ങളുടെ മുഴുപ്പേറെയും ആ വീര്യം ജ്വലിച്ചുനില്‍ക്കുന്നതായിരുന്നു. വേഗം കൂടിയാലും സ്‌റ്റോപ്പ് കുറഞ്ഞാലും അതൊരു പ്രശ്‌നമേയല്ല. പണം കൂടുതല്‍ വാങ്ങുന്നുണ്ടല്ലോ! ബിജെപി പറയുന്ന ആശ്വാസം അതാണ്.

വേഗത്തില്‍ ആളുകളെ എത്തിക്കുക എന്ന അവതാരലക്ഷ്യം വന്ദേ ഭാരത് ട്രെയിന് കേരളത്തില്‍ നിറവേറ്റാനാവില്ല. ഇവിടെ വളവും തിരിവും ഉണ്ടത്രെ. പിന്നെ, നിലവിലെ ട്രെയിന്‍ സര്‍വീസുകളെയും അത് ബാധിക്കുമെന്നാണ് കേന്ദ്ര പക്ഷം. എന്നാലും ഒരെണ്ണം വിഷുവായിട്ട് ഇങ്ങോട്ട് കൊണ്ടുവിട്ടുവെന്നുമാത്രം. കിലോ മീറ്ററില്‍ ഒരു 100–110 വരെ സ്പീഡില്‍ ഓടിച്ചോട്ടെ എന്നാണ് നരേന്ദ്രമോഡിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഔദാര്യം. യഥാര്‍ത്ഥ വേഗം കിലോമീറ്ററില്‍ 180 ആണ്. 

കേരളത്തില്‍ ഇങ്ങനെ തിരക്കില്‍ പോകാന്‍ ആഗ്രഹിക്കുന്നവരുണ്ടോ എന്ന് ചോദിച്ചാല്‍ വന്ദേ ഭാരതിന്റെ പശ്ചാത്തലത്തില്‍ ഒരുപാടുണ്ടെന്നാവും കേന്ദ്ര മന്ത്രി വി മുരളീധരനും കെ സുരേന്ദ്രനുമൊക്കെ പറയുക. കുറച്ചുനാള്‍ മുമ്പുവരെ അത്തരം തിരക്കുകാര്‍ കേരളത്തില്‍ ഇല്ലെന്ന് തുറന്നുപറഞ്ഞിരുന്നു ഇവര്‍. 

ഓര്‍മ്മയില്ലേ കെ റെയില്‍ പദ്ധതി വിരുദ്ധ മുദ്രാവാക്യങ്ങളും പ്രസംഗവും പ്രസ്താവനകളും. പാലക്കാടുനിന്ന് മുഖ്യമന്ത്രിയാവാന്‍ ഓഫീസ് വരെ പണിത സാക്ഷാല്‍ മെട്രോമാന്‍ ഇ ശ്രീധരനടക്കം പറഞ്ഞത്, കെ റെയില്‍ വന്നാല്‍ കേരളം നെടുകെ പിളരുമെന്നാണ്. കെ റെയിലിനെതിരെ ബിജെപി ഉണ്ടാക്കിയ സമരസമിതിയുടെ അധ്യക്ഷന്‍ കൂടിയായിരുന്നു ഈ പറഞ്ഞ ശ്രീധരന്‍. കൊച്ചിയുടെ തിരക്കറിഞ്ഞ് കേരള സര്‍ക്കാരിനുവേണ്ടി മെട്രോ റെയില്‍വേ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ശമ്പളം വാങ്ങി മാര്‍ഗനിര്‍ദ്ദേശം നല്‍കിയത് ഇ ശ്രീധരനായിരുന്നു.

20,000ലധികം പേര്‍ കുടിയൊഴിപ്പിക്കപ്പെടുമെന്നാണ് കൊച്ചിയില്‍ ബിജെപി നടത്തിയ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് ശ്രീധരന്‍ പറഞ്ഞത്. മെട്രോ പദ്ധതി നിര്‍വഹണ ഘട്ടത്തില്‍ എറണാകുളം നഗരത്തിലെ ചെറുകിട വ്യാപാരികള്‍ക്കുണ്ടായ നഷ്ടം പരിഹരിച്ചത് എങ്ങനെയെന്ന് കെ സുരേന്ദ്രനേക്കാളും മുരളീധരനേക്കാളും ബോധ്യമുള്ള ആളുകൂടിയാണ് ശ്രീധരന്‍ എന്നകാര്യം മറന്നേക്കു. വയല്‍ക്കിളി സമരത്തിനിരുന്നവര്‍ നഷ്ടം വാങ്ങിയതും നേതൃത്വം നല്‍കിയവര്‍ ഇടതുപക്ഷ നേതാക്കളായി തീര്‍ന്നതും ഒടിവിദ്യ കൊണ്ടായിരുന്നില്ല. സര്‍ക്കാര്‍ അവരെ ചതിച്ചില്ല എന്ന ഒറ്റക്കാരണം കൊണ്ടുതന്നെയാണ്.

ഇപ്പോള്‍ മോഡി കേരളത്തിലേക്കച്ച വന്ദേ ഭാരതിന് ചെങ്ങന്നൂരില്‍ സ്‌റ്റോപ്പ് വേണമെന്ന് ആവശ്യപ്പെട്ട കൊടിക്കുന്നില്‍ സുരേഷിന്റെ പാര്‍ട്ടിയും സുരേന്ദ്രനൊപ്പം കെ റെയിലിനെതിരെ സമരം ചെയ്തവരാണ്. രണ്ട് പാര്‍ട്ടികളുടെയും സമരത്തിന് പിന്നിലെ രാഷ്ട്രീയം വളരെ വലുതാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസ് നയിക്കുന്ന ഐക്യജനാധിപത്യ മുന്നണിയും ഇടതുപക്ഷ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ തെറിയില്‍ അലങ്കരിച്ച മുദ്രാവാക്ക്യം മുഴക്കിയത്.

കെ റെയില്‍ പദ്ധതി പൊളിച്ചെടുത്ത സന്തോഷത്തിലാണിപ്പോള്‍ അതിവേഗ വന്ദേ ഭാരത് ഗതിവേഗം പോലുമില്ലാതെ കേരളത്തിലെത്തിച്ചിരിക്കുന്നത്. നേരെചൊവ്വേ ഓടണമെങ്കില്‍ ഇവിടത്തെ റെയില്‍വേ പാളങ്ങളുടെ വളവ് തീര്‍ത്ത് കൊടുക്കണം. അതിനായിരിക്കും അടുത്ത ബിജെപി-യുഡിഎഫ് സമരം. 

കെ റെയിലും വന്ദേ ഭാരത് ട്രെയിനും തമ്മില്‍ രാഷ്ട്രീയം ഇഴ ചേര്‍ക്കാതെ ഒന്നാലോചിച്ചുനോക്കൂ. കേരളത്തിന്റെ വികസനത്തില്‍ ഒരു അതിവേഗ റെയില്‍പ്പാത പ്രകൃതിക്കും നാടിനും ദോഷമില്ലാത്ത വിധം നട
പ്പാക്കുന്നതിലെ അനിവാര്യതയാണ് ഇപ്പോള്‍ ഒരു ഗുണമില്ലാത്തവിധം വന്ദേ ഭാരത് വന്നതിലൂടെ വെളിപ്പെടുന്നത്. വന്ദേ ഭാരതിന്റെ ഗുണം തന്നെയാണ് കെ റെയിലും ജനങ്ങള്‍ക്ക് നല്‍കുക എന്നത് കേന്ദ്രം ഭരിച്ചിരുന്നവരും ഭരിക്കുന്നവരും മനസിലാക്കുമെന്ന് കരുതാം. പദ്ധതിയുടെ ഗുണദോഷ കണക്കെടുപ്പിനെ തന്നെ എതിര്‍ത്ത് തങ്ങളുടെ രാഷ്ട്രീയ വിത്ത് പാകിയവര്‍ ഇനിയെന്ത് പറയാനാണ്. നോക്കിയിരുന്നുകാണാം.

You may also like this video

Exit mobile version