ലക്ഷദ്വീപിന് സമീപത്ത് നിന്ന് 1500 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ച കേസിൽ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തേക്കുമെന്ന് സൂചന. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(ഡിആർഐ) ആണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.
അതേസമയം അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. നാല് മലയാളികൾ ഉൾപ്പെടെ കേസിൽ ആകെ 20 പ്രതികളാണ് അറസ്റ്റിലായത്. ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയതിന് ശേഷമാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്. കേസുമായി ബന്ധപ്പെട്ട് ബോട്ട് ഉടമകളായ രണ്ട് പേരിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു.
ഹെറോയില്‍ കടത്തിന് അന്താരാഷ്ട്ര തീവ്രവാദ ബന്ധങ്ങളുള്ളതായി സംശയിക്കപ്പെടുന്നതിനാല്‍ തുടര്‍ന്വേഷണം എഐഎ ഏറ്റെടുക്കാനാണ് സാധ്യത. അറസ്റ്റിലായവരിൽ ഏറെയും തമിഴ്‌നാട്ടിലെ കന്യാകുമാരി, കുളച്ചിൽ സ്വദേശികളാണ്. ഇന്നലെ പ്രതികളുടെ വീടുകളിലും ജോലി സ്ഥലത്തുമായി വ്യാപക റെയ്ഡും നടത്തിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിൽ നിന്ന് പാക്കിസ്ഥാനിലെത്തിച്ച് അവിടെ നിന്ന് കടൽമാർഗം ലക്ഷദ്വീപ് വഴി തമിഴ്‌നാട്ടിലെത്തിച്ച് വിൽപ്പന നടത്തുവാനാണ് ലക്ഷ്യമിട്ടത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻഐഎ തേടിയിട്ടുണ്ട്. കേസിൽ വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും.
മയക്കുമരുന്ന് കടത്തിയവരെ മാത്രമേ നിലവിൽ അറസ്റ്റ് ചെയ്തിട്ടുള്ളു. ഇതിന്റെ ഇടനിലക്കാരായി നിന്നവരും വിതരണക്കാരുമെല്ലാം വരുംദിവസങ്ങളിൽ കുടുങ്ങിയേക്കും. മറ്റ് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
വിപണിയിൽ ഏകദേശം 1526 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ലക്ഷദ്വീപിനോട് ചേർന്ന് അഗതി ദ്വീപിന് സമീപത്തുവച്ചാണ് മയക്കുമരുന്ന് പിടികൂടിയത്. ഒരു കിലോ ഗ്രാംവരുന്ന 218 പായ്ക്കറ്റുകളിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
English summary;Heroin trafficking: NIA takes over investigation
You may also like this video;