ലെബനനില്‍ ഹിസ്ബുള്ള പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ച് എട്ട് മരണം. ലെബനനിലെ ഹിസ്ബുള്ള അംഗങ്ങളടക്കം 2,750 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രയേലുമായി ഒരു വര്‍ഷത്തിലേറെയായി നിണ്ടുനില്‍ക്കുന്ന സംഘര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണുണ്ടായതെന്ന് പേര് വെളിപ്പെടുത്താത്ത ഹിസ്ബുള്ള അംഗത്തെ ഉദ്ധരിച്ച് കൊണ്ട് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകള്‍ ഹാക്ക് ചെയ്താണ് പൊട്ടിത്തെറിയുണ്ടാക്കിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
അപകടത്തില്‍ ലെബനനിലെ ഇറാന്‍ സ്ഥാനപതി മുജ്തബ അമാനിക്കും പരിക്കേറ്റിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ മെഹര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തിന്റെ തെക്ക്, കിഴക്ക് പ്രദേശങ്ങള്‍, ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയിലുള്ള പ്രാന്ത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഒരേ സമയം സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. കൂടുതല്‍ അപകടം ഒഴിവാക്കാനായി പേജറുകള്‍ ഉപയോഗിക്കുന്നത് താത്കാലികമായി നിര്‍ത്തിവെക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹിസ്ബുള്ള അംഗങ്ങൾ സന്ദേശവിനിമയത്തിന് വ്യാപകമായി ഉപയോഗിക്കുന്ന പേജറുകളിലേക്ക് സന്ദേശമെത്തിയതിനു പിന്നാലെയായിരുന്നു പൊട്ടിത്തെറി. സൂപ്പർമാർക്കറ്റിൽ ഹിസ്ബുള്ള അംഗത്തിന്റെ പേജർ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഉപകരണം ഹാക്ക് ചെയ്തത് ഇസ്രയേലാണെന്നാണ് ആരോപണം. എന്നാല്‍ സംഭവത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.