ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ മഞ്ഞുപുതച്ച വനമേഖലയിൽ ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി സുരക്ഷാ സേന. ജെയ്‌ഷെ മുഹമ്മദ് ഭീകരരെ ലക്ഷ്യമിട്ടുള്ള ദൗത്യത്തിന്റെ ഭാഗമായി പ്രദേശത്തെ ഇന്റർനെറ്റ് സേവനങ്ങൾ ജനുവരി 30 അർദ്ധരാത്രി വരെ റദ്ദാക്കി. രണ്ട് അടിയിലധികം മഞ്ഞുവീഴ്ചയുണ്ടായ പ്രതികൂല കാലാവസ്ഥയിലും ഡ്രോണുകളുടെയും സ്നിഫർ ഡോഗുകളുടെയും സഹായത്തോടെയാണ് സൈന്യം തിരച്ചിൽ തുടരുന്നത്.
ജനുവരി 18ന് ആരംഭിച്ച ഈ ദൗത്യത്തിനിടെ നടന്ന ഏറ്റുമുട്ടലിൽ ഒരു പാരാട്രൂപ്പർ വീരമൃത്യു വരിക്കുകയും ഏഴ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ജനുവരി 22നും 25നും ഭീകരരുമായി സമ്പർക്കമുണ്ടായെങ്കിലും നിബിഡ വനങ്ങൾ പ്രയോജനപ്പെടുത്തി അവർ രക്ഷപെടുകയായിരുന്നു. കിഷ്ത്വാറിലെ ഹസ്തി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ എൺപതോളം കന്നുകാലികൾ ചത്തതായും റിപ്പോർട്ടുകളുണ്ട്.

