Site iconSite icon Janayugom Online

നിയമസഭയിലേക്ക് മത്സരിക്കാനുള്ള കോണ്‍ഗ്രസ് എംപിമാര്‍ക്ക് അനുമതി നല്‍കാതെ ഹൈക്കമാന്റ്

സംസ്ഥാന നിയമസഭയിലേക്കുളള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കച്ചകെട്ടിയിറങ്ങിയ കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഹൈക്കമാന്റിന്റെ അനുമതിയില്ല. എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ചില എംപിമാര്‍ പ്രത്യക്ഷമായും പരോക്ഷമായും മത്സരസന്നദ്ധത വ്യക്തമാക്കിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 18 ഇടത്താണ് യുഡിഎഫ് വിജയിച്ചത്. ഇതില്‍ 14 സീറ്റില്‍ കോണ്‍ഗ്രസ് എംപിമാരാണ്. ഇതില്‍ പകുതിയിലേറെപ്പേര്‍ക്കും നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ട്.

മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ തുടങ്ങിയവരെല്ലാം നിയമസഭയിലേക്ക് നോട്ടമുള്ളവരാണ്.കണ്ണൂരില്‍ കെ സുധാകരനും. കോന്നിയില്‍ അടൂര്‍ പ്രകാശും , കൊട്ടാരക്കര, ആടൂര്‍,മാവേലിക്കര മണ്ഡലത്തിലോ കൊടിക്കുന്നില്‍ സുരേഷും, പാലക്കാട്, പട്ടാമ്പി മണ്ഡലങ്ങളില്‍ ഷാഫി പറമ്പിലും, എറണാകുളത്ത് ഹൈബി ഈടനും മത്സരിക്കാന്‍ താല്‍പര്യമുള്ളതായിരുന്നു. ഇനിയും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത് ഒഴിവാക്കണമെന്നും, എംപിമാര്‍ മത്സരിക്കേണ്ടെന്നുമാണ് തന്റെ നിലപാടെന്ന് കെ മുരളീധരന്‍ പറഞ്ഞു. 

ഞാന്‍ കാരണം കേരളത്തില്‍ രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്. അതിന്റെ കുറ്റബോധം ഇന്നെനിക്കുണ്ട്. കഴിയുന്നത്ര ബൈ ഇലക്ഷനുകള്‍ ഒഴിവാക്കണം. സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കണമെന്ന് തന്നെയാണ് ഒരു ധാരണ. നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഇക്കുറി സ്വന്തം നിലയ്ക്ക് മുന്‍കൈ എടുക്കില്ല. പാര്‍ട്ടി പറഞ്ഞാല്‍ മാത്രമേ ഇറങ്ങൂ. മാറി നിന്ന് പ്രചാരണത്തിന് നേതൃത്വം കൊടുക്കണമെന്ന് പറഞ്ഞാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version