Site iconSite icon Janayugom Online

ലെസ്ബിയൻ പങ്കാളികൾക്ക് ഒന്നിച്ച് ജീവിക്കാൻ അനുമതി നൽകി ഹൈക്കോടതി

സ്വവർഗാനുരാഗികളായ പെൺകുട്ടികൾക്ക് ഒന്നിച്ചു ജീവിക്കാൻ അനുമതി നൽകി ഹൈക്കോടതി. പ്രണയിനിക്കൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന ആലുവ സ്വദേശിനി ആദില നസ്റിന്റെ അപേക്ഷ അംഗീകരിച്ചാണ് ഹൈക്കോടതി ഇടപെടൽ.

ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടുപോയ താമരശേരി സ്വദേശിനിയായ ഫാത്തിമ നൂറയെയാണ്, ആദില നസ്റിനൊപ്പം പോകാൻ കോടതി അനുവദിച്ചത്. പ്രായപൂർത്തിയായവർക്ക് ഒരുമിച്ചു ജീവിക്കുന്നതിനു വിലക്കില്ലെന്നു വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസ് വിനോദ് ചന്ദ്രന്റേതാണ് നടപടി. ആദില സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയും ഹൈക്കോടതി തീർപ്പാക്കി.

തനിക്കൊപ്പം താമസിക്കാൻ ആലുവയിലെത്തിയ ഫാത്തിമ നൂറയെ വീട്ടുകാർ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടു പോയെന്നും കാണാനില്ലെന്നുമായിരുന്നു ആദിലയുടെ പരാതി. പിന്നാലെ ഇന്നു രാവിലെ ഫാത്തിമ നൂറയെ കാണാനില്ലെന്നു കാണിച്ച് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുകയായിരുന്നു.

രാവിലെ തന്നെ ഹർജി പരിഗണിച്ച ഹൈക്കോടതി, പെൺകുട്ടിയെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കാൻ ബിനാനിപുരം പൊലീസിനു നിർദേശം നൽകി. തുടർന്ന് വീട്ടുകാർ പെൺകുട്ടിയുമായി ഹൈക്കോടതിയിലെത്തി. പ്രായപൂർത്തിയായതിനാൽ ഇഷ്ടാനുസരണം ജീവിക്കാമെന്ന് കോടതി ഇരുവരെയും അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ആലുവ സ്വദേശിനിയായ ആദില നസ്‍റിനും താമരശേരി സ്വദേശിനിയായ നൂറയും ഒരുമിച്ചു ജീവിക്കണമെന്ന ആവശ്യവുമായി മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. സ്വവർഗാനുരാഗികളായ ഇരുവരെയും ഒരുമിച്ചു ജീവിക്കാൻ വീട്ടുകാർ സമ്മതിക്കുന്നില്ലെന്നായിരുന്നു പരാതി.

സൗദിയിലെ പഠനത്തിനിടെയാണ് 22 വയസ്സുകാരിയായ ആദില നസ്റിൻ താമരശേരി സ്വദേശിനിയായ 23 വയസ്സുകാരി നൂറയുമായി പ്രണയത്തിലാവുന്നത്. സ്വവർഗാനുരാഗം വീട്ടിലറിഞ്ഞതു മുതൽ എതിർപ്പായി. കേരളത്തിൽ മടങ്ങിയെത്തിയിട്ടും ഇരുവരും പ്രണയം തുടർന്നു.

ഈ മാസം 19ന് ആദില കോഴിക്കോടെത്തി നൂറയെ കണ്ടുമുട്ടി. ഇരുവരും ആദ്യം കോഴിക്കോട് തന്നെയുള്ള സംരക്ഷണ കേന്ദ്രത്തിലായിരുന്നു. അവിടെ ബന്ധുക്കൾ തിരഞ്ഞെത്തിയതോടെ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ രക്ഷകർത്താക്കൾ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

ഇതിനിടെ, താമരശേരിയിൽനിന്ന് ബന്ധുക്കളെത്തി നൂറയെ ബലമായി പിടിച്ചുകൊണ്ടുപോയി. തന്റെ മാതാപിതാക്കളും അവർക്കൊപ്പം നിന്നതായി ആദില പറഞ്ഞു. കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞാണ് കൊണ്ടുപോയതെങ്കിലും ഹാജരാക്കാതിരുന്നതോടെയാണ് ആദില നിയമസഹായം തേടിയത്.

Eng­lish summary;High court allows les­bian part­ners to live together

You may also like this video;

Exit mobile version