Site iconSite icon Janayugom Online

വാതില്‍പ്പടി റേഷന്‍ ആപ്പിലായി; ഡല്‍ഹിയിലെ റേഷന്‍ പദ്ധതിക്ക് ഹൈക്കോടതി വിലക്ക്

വീട്ടു പടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള ഡല്‍ഹിയിലെ ആപ്പ് സര്‍ക്കാര്‍ നയത്തിന് തിരിച്ചടി. പദ്ധതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ അംഗീകരിച്ച ഹൈക്കോടതി പദ്ധതി വിലക്കിക്കൊണ്ട് ഉത്തരവു പുറപ്പെടുവിച്ചു.

മുഖ്യമന്ത്രി ഘര്‍ ഘര്‍ റേഷന്‍ യോജന (എംഎംജിജിആര്‍വൈ) എന്ന പേരിലാണ് വീട്ടു പടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതി ഡല്‍ഹിയിലെ ആപ്പ് സര്‍ക്കാര്‍ മുന്നോട്ടു വച്ചത്. ഇതിനെതിരെ റേഷന്‍ വിതരണക്കാരുടെ സംഘടനയായ ഡല്‍ഹി സര്‍ക്കാരി റേഷന്‍ ഡീലേഴ്‌സ് സംഘ്, കേന്ദ്ര സര്‍ക്കാര്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജികള്‍ പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി പദ്ധതിക്ക് ലഫ്റ്റനന്റ് ഗവര്‍ണ്ണറുടെ അനുമതി ഇല്ലെന്നും നിലവിലെ രീതിയില്‍ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി. ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാംഘി, ജസ്റ്റിസ് ജസ്മീത് സിങ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

പൊതു വിതരണ സംവിധാനം ഉന്നം വയ്ക്കുന്ന (ടിപിഡിഎസ്) ഗുണഭോക്താക്കള്‍ക്ക് അവരുടെ വീട്ടു പടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതി പ്രകാരം വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ സ്വന്തം ചിലവില്‍ കണ്ടെത്തണം. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരവും അവശ്യ സാധന നിയമ പ്രകാരവും ഉള്ള നിബന്ധനകള്‍ പാലിച്ചേ ഇത് നടപ്പാക്കാനാകൂ.

2021 മാര്‍ച്ച് 23ന് ഡല്‍ഹി മന്ത്രിസഭയുടെ തീരുമാന പ്രകാരം പദ്ധതി നടപ്പാക്കാനുള്ള ഉത്തരവ് 2015ലെ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ വകുപ്പുകളുടെയും ടിഡിപിഎസ് ഓര്‍ഡറിന്റെയും അടിസ്ഥാനത്തിലല്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. പദ്ധതി നടപ്പാക്കാനായി ഡല്‍ഹി സര്‍ക്കാര്‍ ക്ഷണിച്ച മൂന്നു ദര്‍ഘാസുകളും ഹൈക്കോടതി റദ്ദാക്കി.

ഇത്തരത്തിലുള്ള പദ്ധതികള്‍ സംബന്ധിച്ച് മന്ത്രിസഭാ യോഗം തീരുമാനമെടുത്താല്‍ അത് ലഫ്റ്റനന്റ് ഗവര്‍ണ്ണറെ അറിയിക്കണം. പദ്ധതി സംബന്ധിച്ച് യോജിപ്പോ വിയോജിപ്പോ ഉണ്ടോ എന്നത് സംബന്ധിച്ച പരിശോധന നടത്താനാണിത്.

ഇത്തരത്തില്‍ സര്‍ക്കാര്‍ തീരുമാനം ഗവര്‍ണറെ അറിയിച്ചാല്‍ സ്‌റ്റേറ്റ് ഓഫ് എന്‍സിടി ഓഫ് ഡല്‍ഹി സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം തീരുമാനമെടുക്കുമെന്നും ബഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ അനുച്ഛേദം 239 എ എ (നാല്) പ്രകാരമാണിതെന്നും ബഞ്ച് ഉത്തരവില്‍ വിശദീകരിക്കുന്നു.

Eng­lish summary;High court bans ration scheme in Delhi

You may also like this video;

Exit mobile version