Site icon Janayugom Online

വരവരറാവുവിന് ഹാജരാകാനുള്ള സമയം ഹൈക്കോടതി നീട്ടി

കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിന് ജയിൽ അധികൃതർക്ക് മുന്നിൽ ഹാജരാകാനുള്ള സമയം ബോംബെ ഹൈക്കോടതി ഒക്ടോബർ 14 വരെ നീട്ടി. മെഡിക്കൽ ജാമ്യം നീട്ടണമെന്ന റാവുവിന്റെ ഹർജി കേൾക്കാൻ സമയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എസ് എസ് ഷിൻഡെ, എൻ ജെ ജമാദാർ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്. 

കഴിഞ്ഞയാഴ്ച സമർപ്പിച്ച സത്യവാങ്മൂലത്തിൽ ദേശീയ അന്വേഷണ ഏജൻസി റാവുവിന്റെ ഹർജിയെ എതിർത്തിരുന്നു. അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ടുകളിൽ ജാമ്യം നീട്ടേണ്ടതായ അസുഖങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ഏജൻസിയുടെ വാദം. കണ്ണുകളിലെ തിമിര ശസ്ത്രക്രിയയും മുമ്പുണ്ടായിരുന്ന നാഡിസംബന്ധമായ വൈഷമ്യങ്ങളും ചൂണ്ടികാട്ടിയാണ് റാവു ഹർജി സമർപ്പിച്ചത്. 

മെഡിക്കൽ കാരണങ്ങളാൽ ഫെബ്രുവരി 22നാണ് ബോംബെ ഹൈക്കോടതി ആറു മാസത്തേക്ക് റാവുവിന് ജാമ്യം അനുവദിച്ചിരുന്നത്. ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക കോടതിയുടെ അധികാരപരിധിയിൽ കഴിയണമെന്ന വ്യവസ്ഥയിലാണ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. വീഡിയോ കോൾ വഴി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ സാന്നിധ്യം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. പ്രസ്താവനകളൊന്നും നൽകരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും റാവുവിനോട് കോടതി നിർദ്ദേശിച്ചിരുന്നു. 

എൽഗാർ പരിഷത്ത് കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് 2018ല്‍ ആണ് വരവരറാവുവിനെ അറസ്റ്റ് ചെയ്യുന്നത്. ഹൈദരാബാദിലെ സ്വന്തം വസതിയിൽ നിന്നാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. 2017 ഡിസംബർ 31 ‑ന് നടന്ന ഒരു പരിപാടിയിൽ റാവു നടത്തിയ പ്രസംഗം ഭീമ കൊറേഗാവ് അക്രമത്തിനു പ്രകോപനമായി എന്നാണ് പൊലീസ് ആരോപിക്കുന്നത്.

Eng­lish Sum­ma­ry : high court extend­ed time for var­avara ravu to appear 

You may also like this video :

Exit mobile version