Site icon Janayugom Online

ഐജി ലക്ഷ്മണിന് 10, 000 രൂപ പിഴയിട്ട് ഹൈക്കോടതി

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ച ഐജി ലക്ഷ്മണിന് 10,000 രൂപ കോടതി പിഴയിട്ടു. ഹർജി കോടതിയിൽ സമർപ്പിച്ച ശേഷം, തന്റെ അനുവാദമില്ലാതെ അഭിഭാഷകനാണ് വിവാദ പരാമർശങ്ങൾ കൂട്ടിച്ചേർത്തതെന്ന് ആരോപിച്ച് ഹർജി പിൻവലിക്കാൻ നേരത്തെ ലക്ഷ്മൺ അപേക്ഷ നൽകിയിരുന്നു. ഇതിനെതിരെ കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. 

അഭിഭാഷനെ പരിചാരി ഹർജിക്കാരന് രക്ഷപ്പെടാനാവില്ലെന്ന് കോടതി നിലപാടെടുത്തു. ഇത് കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു. അഭിഭാഷകനെതിരെ ആരോപണം ഉന്നയിച്ച പരാതിക്കാരൻ, ബാർ കൗൺസിലിൽ പരാതി നൽകിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് 10, 000 രൂപ പിഴയിട്ടത്. ഒരു മാസത്തിനകം പിഴയടയ്ക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ഹര്‍ജി പിൻവലിക്കാൻ കോടതി അനുമതി നൽകുകയും ചെയ്തു. 

മുഖ്യമന്ത്രിയുടെ ഓഫീസിൽ, ഭരണഘടനാ ബാഹ്യ അധികാര കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന അതീവ ഗുരുതര ആരോപണമാണ് ഐ ജി ലക്ഷ്മണൻ ഹർജിയിൽ ഉന്നയിച്ചിരുന്നത്. ഈ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നും ഹൈക്കോടതി ആർബിട്രേറ്റർമാർക്ക് അയച്ച തർക്കം പോലും തീർപ്പാക്കുന്നുണ്ടെന്നും ആരോപണമുണ്ടായിരുന്നു.

എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം തന്റെ അറിവോടെ അല്ലെന്നും താൻ ചികിത്സയിലായിരുന്ന സമയത്ത് അഭിഭാഷകൻ സ്വന്തം നിലയ്ക്ക് കൂട്ടിച്ചേർത്തതാണെന്നുമായിരുന്നു ലക്ഷ്മൺ പിന്നീട് പറഞ്ഞത്. ഈ അഭിഭാഷകനെ മാറ്റി പുതിയ അഭിഭാഷകൻ മുഖേന ആണ് ഹർജി പിൻവലിക്കാനുള്ള അപേക്ഷ നൽകിയത്. മോൺസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ ഐജിയെ സെപ്റ്റംബർ ആദ്യത്തിൽ സർക്കാർ വീണ്ടും സസ്‍പെൻഡ് ചെയ്തിരുന്നു. 

Eng­lish Summary;High Court fined IG Lax­man Rs 10,000

You may also like this video

Exit mobile version