Site iconSite icon Janayugom Online

ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണക്കേസ്; ഇഡി അന്വേഷണത്തിനുള്ള സ്റ്റേ നീക്കി

പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി. കേസിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇബ്രാഹിം കുഞ്ഞാണ് ഇഡി അന്വേഷണത്തിനെതിരെ സ്റ്റേ വാങ്ങിയിരുന്നത്. പാലാരിവട്ടം പാലം അഴിമതിയിലൂടെ നേടിയ പത്ത് കോടി രൂപയുടെ കളളപ്പണം ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്നാണ് ആരോപണം.

ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് നേരത്തെ ഇഡി അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണസംഘം പി കെ കുഞ്ഞാലിക്കുട്ടിയും മുനീറുമടക്കം ലീഗ് നേതാക്കളുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസിൽ സ്റ്റേ അനുവദിച്ചത്. ആരോപണവും അന്വേഷണവും രാഷ്ട്രീയ പ്രേരിതമെന്ന ഇബ്രാഹിം കുഞ്ഞിന്റെ വാദം അംഗീകരിച്ചായിരുന്നു അന്ന് ഹൈക്കോടതി ഹർജി തുടർവാദത്തിനായി മാറ്റിയത്.

നോട്ട് നിരോധന കാലത്ത് 10 കോടിയുടെ കള്ളപ്പണം ചന്ദ്രിക പത്രത്തിന്റെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ മുഖേന വെളുപ്പിച്ചെന്നാണ് പരാതി. അക്കൗണ്ടിൽ നിന്ന് പിൻവലിച്ച പണം ഉപയോഗിച്ച് പാണക്കാട് കുടുംബാംഗങ്ങളുടെ പേരിൽ ഭൂമി ഇടപാട് നടത്തിയെന്നും പരാതിയുണ്ട്. ഹൈക്കോടതി നിർദേശപ്രകാരം എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്ന ഈ കേസിലാണ് ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗം കൂടിയായ പി കെ കുഞ്ഞാലിക്കുട്ടിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്.

Eng­lish Sum­ma­ry: kerala-high-court-lifts-stay-on-ed-probe-against-former-pwd-minister-vk-ebrahim-kunju
You may also like this video

Exit mobile version