ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിൽ ജാമ്യം നൽകിയത് ചോദ്യം ചെയ്തുള്ള പരാതിക്കാരിയുടെ ഹർജിയിലാണ് കോടതി നോട്ടീസ് അയച്ചത്.
പട്ടികജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിന് വിരുദ്ധമാണ് ജാമ്യം അനുവദിച്ചുള്ള കീഴ്‌കോടതി ഉത്തരവെന്ന് ഹർജിക്കാരി കോടതിയെ അറിയിച്ചു. ദളിത് യുവതിയാണ് താനെന്ന് അറിഞ്ഞു തന്നെയാണ് സിവിക് ചന്ദ്രൻ പീഡിപ്പിച്ചത്. പ്രഥമദൃഷ്ട്യാ ഈ മൊഴി വിശ്വസനീയമല്ലെന്ന അഡീഷണൽ സെഷൻസ് കോടതി പരമാർശം തെറ്റാണെന്നും കോടതിയെ അറിയിച്ചു.
അച്ഛൻ മരിച്ചതിനാലും മാനസിക സമ്മർദ്ദം നേരിടുന്നതിനാലുമാണ് പരാതി നൽകാൻ വൈകിയത്. സിവികിന് മുൻകൂർ ജാമ്യം അനുവദിച്ച് കോഴിക്കോട് സെഷൻസ് കോടതി പുറത്തിറക്കിയ ഉത്തരവിൽ നിയമവിരുദ്ധ പരാമർശങ്ങളുണ്ടെന്നും പരാതിക്കാരി ചൂണ്ടിക്കാണിച്ചു. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഇരയ്ക്ക് കോടതിയെ സമീപിക്കാൻ ആകുമോ എന്ന് ഹൈക്കോടതി ചോദിച്ചു. പരാതിക്കാരി നൽകിയ അപ്പീലിൽ കോടതി വിശദീകരണം തേടി. ഹർജി ഇനി പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. തിങ്കളാഴ്ച, കോടതി ഹർജി വീണ്ടും പരിഗണിക്കും.
സിവിക് ചന്ദ്രന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവ് പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമത്തിന് എതിരാണെന്നും സത്യം പുറത്തുകൊണ്ടുവരാൻ പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
പരാതിക്കാരിയെ കുറിച്ചുള്ള സെഷൻസ് കോടതിയുടെ നിരീക്ഷണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും ഹർജിയിലുണ്ട്. അപ്രസക്തമായ കാര്യങ്ങൾ പരിഗണിച്ചാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയതെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
English Summary: High Court Notice to Civic Chandran in Harassment Case
You may like this video also