Site icon Janayugom Online

കത്ത് വിവാദത്തില്‍ മേയര്‍ക്ക് ഹൈക്കോടതി നോട്ടീസ്

വ്യാജ കത്ത് വിഷയത്തില്‍ തിരുവനന്തപുരം കോർപറേഷന്‍ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. സർക്കാരിനെയടക്കം എതിർ കക്ഷിയാക്കിയുള്ള ഹര്‍ജിയില്‍ വിശദീകരണം തേടാനാണ് കോടതി തീരുമാനം. സര്‍ക്കാരിനും എൽ‍ഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിനും ഹൈക്കോടതി നോട്ടീസ് അയയ്ക്കും. സിബിഐ അടക്കമുള്ളവർ എതിർ കക്ഷികളാണെന്നതിനാല്‍ അവര്‍ക്കും നോട്ടീസ് നല്‍കും. കേസില്‍ വാദം കേൾക്കാൻ തീരുമാനിച്ച ഹൈക്കോടതി ഹർജി പരി​ഗണിക്കുന്നത് നവംബർ 25ലേക്ക് മാറ്റുകയും ചെയ്തു.

കത്ത് അയച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ട് കൗൺസിലർ ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ വിഷയത്തിൽ എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോ എന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. വിഷയത്തിൽ നിലവിലുള്ള പരിശോധന നടക്കുന്നുണ്ടെന്നും ഇപ്പോഴുള്ളത് ആരോപണമാണെന്നും അതിന് പിന്നിൽ രാഷ്ട്രീയമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. മേയർക്ക് നോട്ടീസ് നൽകുന്നതിനെ സർക്കാർ എതിർപ്പറിയിക്കുകയും ചെയ്തു.

എന്നാൽ ആരോപണം നിലനിൽക്കുന്നത് മേയർക്ക് എതിരെ ആയതിനാൽ വിശദീകരണം നൽകേണ്ടത് മേയർ ആണെന്ന് കോടതി വ്യക്തമാക്കി.

തിരുവനന്തപുരം ന​ഗരസഭയിൽ നടന്നത് സ്വജ്ജനപക്ഷപാതമാണെന്നും ഭരണഘടനാ ലംഘനമാണെന്നുമാണ് ഹര്‍ജിയിലെ ആരോപണം. കഴിഞ്ഞ ഒരു വർഷത്തിനിടെ 2000 പേരെ ഇത്തരത്തിൽ ന​ഗരസഭയിൽ തിരുകിക്കയറ്റിയതായും ഹർജിക്കാരന്‍ ആരോപിച്ചു.

 

Eng­lish Sum­ma­ry: let­ter row high court notice to may­or arya rajendran

Exit mobile version