പിആർഎസ് വായ്പ എങ്ങനെയാണ് കർഷകരുടെ സിബിൽ സ്കോറിനെ ബാധിക്കുന്നതെന്ന് ഹൈക്കോടതി. സപ്ലൈകോയും ബാങ്കും തമ്മിലാണ് വായ്പാ കരാർ ഉണ്ടാക്കിയിരിക്കുന്നത്. സപ്ലൈകോയാണ് വായ്പ എടുക്കുന്നത്. പിന്നെ എങ്ങനെയാണ് കർഷകർക്കുമേൽ ബാധ്യത വരുന്നതെന്നും കോടതി ചോദിച്ചു. പിആർഎസ് വായ്പയുമായി ബന്ധപ്പെട്ട് സിബിൽ സ്കോർ കുറയുന്നതിൽ ആശങ്ക രേഖപ്പെടുത്തി സമർപ്പിച്ച ഒരുകൂട്ടം ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
കർഷകർക്കുമേൽ വായ്പയുടെ ബാധ്യതവരുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സപ്ലൈകോ ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നും ഉത്തരവിൽ പറഞ്ഞു. ഹർജികൾ അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം പിആർഎസ് വായ്പ അടയ്ക്കാത്തതുകൊണ്ട് സംസ്ഥാനത്ത് ഒരു കർഷകനും വായ്പ നിഷേധിച്ചിട്ടില്ലെന്നും പിആർഎസ് വായ്പ കുടിശികയുള്ളതുകൊണ്ട് മറ്റ് ലോണുകൾ എടുക്കുന്നതിൽ തടസമില്ലെന്നും ബാങ്കുകൾ സർക്കാരിനെ അറിയിച്ചിരുന്നു.
വിവിധ ബാങ്കുകളുമായി ഭക്ഷ്യവകുപ്പ് നടത്തിയ ചർച്ചയിലായിരുന്നു ഇക്കാര്യം ബാങ്കുകൾ വ്യക്തമാക്കിയത്. പിആർഎസ് കുടിശിക വന്നാൽ അത് സിബിൽ സ്കോറിനെ ബാധിക്കില്ലെന്നും എന്നാൽ മുമ്പെടുത്ത വ്യക്തിഗത വായ്പകൾ കൃത്യമായി അടയ്ക്കാത്തവർക്കും വായ്പകൾ ഒറ്റത്തവണ തീർപ്പാക്കിയവർക്കും ലോൺ നിഷേധിച്ചിട്ടുണ്ടെന്നും ബാങ്ക് പ്രതിനിധികൾ സർക്കാരിനെ അറിയിച്ചിരുന്നു.
English Summary: High Court on how PRS loan affects CIBIL score of farmers
You may also like this video