Site icon Janayugom Online

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ; ദേവസ്വം ബെഞ്ചിന്റെ അനുമതി വേണം: ഹൈക്കോടതി

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിന് ദേവസ്വം ബെഞ്ചിന്റെ അനുമതി വേണമെന്നും അല്ലാത്ത നടപടി നിയമ വിരുദ്ധമാണെന്നും സര്‍ക്കാരിനോട് ഹൈക്കോടതി. അതേസമയം 2011 മുതല്‍ വെര്‍ച്വല്‍ ക്യൂവിന് ഹൈക്കോടതി അനുമതി തന്നിട്ടുള്ളതാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ അങ്ങനെ ഒരു വിധിയുണ്ടോയെന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു.

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ സുഗമമായ ദര്‍ശന സൗകര്യത്തിന് വേണ്ടിയാണ് വെര്‍ച്വല്‍ ക്യൂ സവിധാനം ഏര്‍പ്പെടുത്തിയതെന്നും ഇത് ഇപ്പോള്‍ നിര്‍ത്തലാക്കാന്‍ സാധ്യമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ദേവസ്വം ബോര്‍ഡിന്റെ അധികാരത്തില്‍ കൈ കടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍, കോടതി പറയുന്ന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി. മണ്ഡലകാലത്ത് തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിനെ കൊണ്ട് മാത്രമേ സാധിക്കൂവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ശബരിമലയില്‍ വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്തിയ നടപടിയില്‍ നേരത്തെയും സര്‍ക്കാരിനെയും പൊലീസിനെയും കോടതി വിമര്‍ശിച്ചിരുന്നു. ക്ഷേത്രം ട്രസ്റ്റി എന്ന നിലയില്‍ ദേവസ്വം ബോര്‍ഡിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അധികാരമുണ്ടെന്നിരിക്കെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഒരു കൂട്ടം ഹര്‍ജികളാണ് ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലുള്ളത്.

Eng­lish Sum­ma­ry : high court on sabari­mala vir­tu­al que

You may also like this video :

Exit mobile version