സ്വവർഗ ദമ്പതികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഓരോ വ്യക്തിക്കും അവരുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് നിരീക്ഷിച്ചു കൊണ്ടായിരുന്നു ജസ്റ്റിസുമാരായ ആർ എസ് ചൗഹാൻ, എൻ എസ് ധനിക് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. ലിവ്-ഇൻ റിലേഷനിൽ കഴിയുന്ന തങ്ങൾക്ക് മാതാപിതാക്കളുടെ ഭീഷണിയുണ്ടെന്നു കാണിച്ച് രോഹിത് സാഗർ, മോഹിത് ഗോയൽ എന്നിവരാണ് കോടതിയെ സമീപിച്ചത്.
വിഷയത്തിൽ നാലാഴ്ചക്കകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് യുവാക്കളുടെ മാതാപിതാക്കൾക്കും കോടതി നോട്ടീസ് നൽകി. കൂടാതെ ഹർജിക്കാരുടെ മാതാപിതാകൾക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്നറിയിക്കാൻ സംസ്ഥാന സർക്കാരിനും നിർദ്ദേശം നൽകി. ഹർജികാർക്കു മാത്രമല്ല അവരുടെ വസ്തുവകകൾക്കും സംരക്ഷണം നൽകണമെന്നും കോടതി പറഞ്ഞു.
തങ്ങളുടെ ബന്ധം എതിർത്ത മാതാപിതാക്കൾ, നിരന്തരം തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായി ഹർജിക്കാർ പറയുന്നു. ഉദ്ദം നഗർ പൊലീസ് സൂപ്രണ്ടിനും, പ്രാദേശിക പൊലീസ് സ്റ്റേഷനിലും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അവർ ചൂണ്ടിക്കാട്ടി. കേസ് നാലാഴ്ചകൾക്കു ശേഷം വീണ്ടും പരിഗണിക്കും.
അതേസമയം 1956ലെ ഹിന്ദു മാര്യേജ് ആക്ട് പ്രകാരം സ്വവർഗ ദമ്പതികൾക്ക് വിവാഹം കഴിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് നിരവധി ഹർജികളാണ് ഡൽഹി ഹൈക്കോടതിയിൽ തീർപ്പു കൽപ്പിക്കാതെ കിടക്കുന്നത്.
ENGLISH SUMMARY:High court orders police protection for same-sex couples
You may also like this video