Site icon Janayugom Online

ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സ്ഥലം മാറ്റിയ നടപടി; പ്രതിഷേധം ശക്തമാക്കി അഭിഭാഷകര്‍

കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയ മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജിയെ സ്ഥലം മാറ്റിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. മേഘാലയ ഹൈക്കോടതിയിലേക്കാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്.തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള കൊളീജിയം അംഗങ്ങള്‍ക്ക് അഭിഭാഷകര്‍ കത്തയച്ചു. 

ഭയമോ, പക്ഷഭേദമോ ഇല്ലാതെ പ്രവര്‍ത്തിച്ചതിന് ജസ്റ്റിസ് ബാനര്‍ജിക്ക് നല്‍കിയ ശിക്ഷയാണ് സ്ഥലം മാറ്റമെന്ന് കത്തില്‍ പറയുന്നു. ഈ വര്‍ഷം ജനുവരിയിലാണ് കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജിയെ മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റ്റിസായി നിയമിച്ചത്. എട്ട് മാസങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ പതിനാറിന് ജസ്റ്റിസ് ബാനര്‍ജിയെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയം തീരുമാനിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഇക്കാര്യം പുറത്തുവരുന്നത്. കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ക്ഷാമവും വാക്‌സിന്‍ വിതരണത്തിലെ അപാകതകളും ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെ ജസ്റ്റിസ് ബാനര്‍ജി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐ.ടി ചട്ടങ്ങള്‍ മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് വ്യക്തമാക്കി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു.

ENGLISH SUMMARY:High Court relo­cates Chief Jus­tice; Lawyers inten­si­fied the protest
You may also like this video

Exit mobile version